ഒസാമു സുസുക്കിയും മാരുതി 800ഉം; ഇന്ത്യൻ കാർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച തന്ത്രശാലി വിടപറയുമ്പോൾ

ഒസാമു സുസുക്കി, സുസുക്കി എന്ന ഒരു ചെറിയ കമ്പനിയെ ഇന്നുകാണുന്ന ആഗോളഭീമനാക്കിയതിനു പിന്നിലെ തന്ത്രശാലി. സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാനായ ഒസാമു സുസുക്കി (94) വിട പറയുമ്പോൾ, ഇന്ത്യൻ കാർ വിപണിക്കും ആഗോള കാർ വിപണിയിക്കും അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണ്. ഒസാമു സുസുക്കിയുടെ തന്ത്രപരമായ കാഴ്ചപാടാണ് ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് സുസുക്കിയെ സഹായിച്ചത്.
1930 ജനുവരി 30-ന് ജപ്പാനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1958-ൽ, സുസുക്കിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ഷുൻസോ സുസുക്കിയുടെ മകളെ വിവാഹം കഴിച്ചശേഷമാണ് ഒസാമു കമ്പനിയിൽ ചേരുന്നത്. 1978 ആയപ്പോൾ അദ്ദേഹം സുസുക്കിയുടെ പ്രസിഡന്റായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ വളർച്ചയ്ക്കാണ് പിന്നീട് കമ്പനി സാക്ഷ്യംവഹിച്ചത്.
വളർന്നുവരുന്ന വിപണിക്കായി, ചെറുതും താങ്ങാനാകുന്നതുമായ കാറുകൾ നിർമിക്കുക എന്നതായിരുന്നു ഒസാമുവിന്റെ ലക്ഷ്യം. മറ്റു ജാപ്പനീസ് വാഹനനിർമാതാക്കൾ ചൈനയിലും യുഎസിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ഹംഗറി എന്നീ വിപണികളിലേക്കുള്ള ചെറു കാറുകൾക്കാണ് സുസുക്കി മുൻഗണ നൽകിയത്. ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം, കാര്യക്ഷമതയും താങ്ങാനാകുന്ന വിലയും പ്രധാനമായി പരിഗണിക്കുന്ന വിപണികളിൽ ആധിപത്യം സ്ഥാപിക്കാൻ സുസുക്കിയെ സഹായിച്ചു. ഒസാമു സുസുക്കിയുടെ ഭരണകാലത്ത് ചെറുകിട കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
1983-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിന് പിന്നിലും ഒസാമു തന്നെയായിരുന്നു. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവ് അദ്ദേഹമാണ്. ഇന്ത്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡുമായി ചേർന്ന് 800 സി.സി. കാറുകൾ നിർമിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചത് ഒസാമുവിന്റെ കാലത്തായിരുന്നു. അങ്ങനെയാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ കാർ എന്ന സ്വപ്നത്തിന് മാരുതി 800-ലൂടെ സാക്ഷാത്കാരമായത്.
40 വർഷത്തിലേറെ കാലമാണ് അദ്ദേഹം സുസുക്കി കമ്പനിയെ നയിച്ചത്. 28 വർഷം കമ്പനിയുടെ പ്രസിഡന്റായി തുടർന്ന ഒസാമു 2000-ത്തിലാണ് സുസുക്കി ചെയർമാനായി ചുമതലയേൽക്കുന്നത്. 2021-ൽ 91-ാം വയസ്സിൽ അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.
2023 സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ കാർ വിപണിയുടെ 41.7 ശതമാനം കൈപ്പിടിയിൽ ഒതുക്കിയത് സുസുക്കിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ആണെന്നതും ഈ അവസരത്തിൽ ഓർമിക്കേണ്ടതാണ്. വളർന്നുവരുന്ന വിപണികളിലെ സാധ്യത തിരിച്ചറിയുന്നതിൽ ഒസാമു സുസുക്കിയെ പോലുള്ളവരുടെ ദീർഘവീക്ഷണത്തിന്റെ തെളിവാണ് സുസുക്കിയുടെ ഇന്ത്യയിലെ ഈ ആധിപത്യം.
Content Highlights: Osamu Suzuki who revolutionised Indias car market with Maruti 800