പുതിയ MPV, SUV, മാഗ്നൈറ്റ് CNG; നിസാൻ ഇവിടെത്തന്നെ ഉണ്ടാകും, പുതിയ മോഡലുകളുമായി

നിസാന്‍ എക്‌സ്-ട്രെയില്‍ | Photo: Nissan India
നിസാന്‍ എക്‌സ്-ട്രെയില്‍ | Photo: Nissan India

കൊച്ചി: നിസാൻ ഇന്ത്യ വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 60 വർഷത്തെ ചരിത്രമുള്ള നിസാൻ, ഫ്രഞ്ച് കമ്പനിയായ റെനോയുമായി സംയുക്ത സഹകരണത്തിലുള്ള ചെന്നൈയിലെ നിർമാണ പ്ളാന്റിലെ ഓഹരികൾ വിറ്റൊഴിച്ചതിന് പിന്നാലെ, രാജ്യംവിടുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ, ഇന്ത്യയിലെ പ്രവർത്തനങ്ങൾ തുടരുമെന്നും അടുത്തവർഷം രണ്ടു പുതിയ മോഡലുകൾ നിസാൻ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026-ന്റെ തുടക്കത്തിൽ ബി സെഗ്‌മെന്റിലുള്ള ഏഴ് സീറ്റുകളുള്ള എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ) വിപണിയിലെത്തിക്കും.

രണ്ടാമത്തെ മോഡലായ സി സെഗ്‌മെന്റിലുള്ള എസ്‌യുവി, 2026 പകുതിയോടെയായിരിക്കും നിരത്തിലെത്തുക. 2027 തുടക്കത്തിൽ ഇതിന്റെ ഏഴ് സീറ്റുകളുള്ള മോഡലും കമ്പനി അവതരിപ്പിക്കും.

നിസാൻ മാഗ്നൈറ്റ് സിഎൻജി

പുതിയ നിസാൻ മാഗ്നൈറ്റിന്റെ സിഎൻജി പതിപ്പ് വിപണിയിലെത്തിക്കുന്നതോടെ സിഎൻജി സെഗ്‌മെന്റിലേക്കും നിസാൻ ചുവടുവയ്ക്കുന്നു. ഡീലർഷിപ്പുകളിൽ റെട്രോഫിറ്റ് ചെയ്യാവുന്ന സിഎൻജി കിറ്റുകളാണ്. മാനുവൽ ഗിയർബോക്സുള്ള വാഹനം 1.0 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനിൽ ലഭ്യമാവും.

സിഎൻജി കിറ്റ് ഉൾപ്പെടെ 6.89 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. മോട്ടോസെൻ ആണ് സിഎൻജി കിറ്റ് പൂർണമായും വികസിപ്പിച്ചതും നിർമിച്ചതും. കിറ്റ് ഘടകങ്ങൾക്കുള്ള വാറന്റിയും മോട്ടോസെൻ നൽകും. സിഎൻജി കിറ്റ് ഘടിപ്പിക്കാനായി 75,000 രൂപയായിരിക്കും ചെലവുവരുക. സിഎൻജി ഇന്ധന ഉപയോഗത്തിൽ മുൻപന്തിയിലുള്ള കേരളമടക്കമുള്ള ഏഴ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ സിഎൻജി കിറ്റ് ലഭ്യമാവുക.

Content Highlights: Nissan to continue India with new models