സർക്കാർ വാഹനങ്ങൾ ‘KL90’ ആകും, രജിസ്ട്രേഷൻ തിരുവനന്തപുരത്ത്; KSRTC-ക്ക് ‘KL15’ തുടരും

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്താൻ കേരളം. കേന്ദ്ര, കേരള സർക്കാരുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും വാഹനങ്ങൾക്കാണ് പ്രത്യേക സീരിസ് വരുന്നത്. കെഎൽ-90 ആയിരിക്കും ഈ വാഹനങ്ങൾക്ക് നൽകുന്ന റജിസ്ട്രേഷൻ. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി.
കെഎൽ-90, കെഎൽ-90 ഡി സീരീസിലാണ് സംസ്ഥാന സർക്കാർ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുക. കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് കെഎൽ-90 എ, കെഎൽ-90 ഇ എന്നിങ്ങനെ ആയിരിക്കും ഇത്. കെഎൽ-90 ബി, കെഎൽ-90 എഫ് എന്നീ സീരീസുകളായിരിക്കും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുക. അർധസർക്കാർ സ്ഥാപനങ്ങൾ, വിവിധ കോർപ്പറേഷനുകൾ, ബോർഡുകൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക കെഎൽ-90 സി സീരീസിലാകും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ എല്ലാ സർക്കാർ വാഹനങ്ങളും ഒരു ആർടി ഓഫീസിൽ റജിസ്റ്റർ ചെയ്യും.
തിരുവനന്തപുരം റീജിണൽ ട്രോൻസ്പോർട് ഓഫീസ് 2-ൽ റജിസ്റ്റർ ചെയ്യാനാണ് നിർദേശം. നിലവിൽ അതാത് ജില്ലകളിലെ ആർടി ഓഫീസുകളിലാണ് സർക്കാർ വാഹനങ്ങളുടെ റജിസ്ട്രേഷൻ.
അതേസമയം, KL15 എന്ന കെഎസ്ആർടി ബസുകളുടെ രജിസ്ട്രേഷൻ കോഡ് തുടരും. തിരുവനന്തപുരം റീജിണൽ ട്രോൻസ്പോർട് ഓഫീസ് 1-ൽ ആണ് കെഎസ്ആർടിസി ബസുകൾ റജിസ്റ്റർ ചെയ്തുവരുന്നത്. കേരള സർക്കാർ ബോർഡുവെച്ച വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്താനുള്ള തീരുമാനം. കൂടാതെ, വാഹനങ്ങളുടെ കണക്കെടുക്കാനും കാലാവധി സംബന്ധിച്ച വിവരം അറിയാനും സാധിക്കും.
Content Highlights: Kerala introduces new KL90 registration series for government vehicles. Learn about the changes, KSRTC`s KL15 continuation, and why this reform is happening.