ഔഡിയുടെ ഇന്ത്യൻ മുഖമായി നീരജ് ചോപ്ര; ഒളിമ്പിക് ചാമ്പ്യൻ ഇനി ജർമൻ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ

ഔഡി ഇന്ത്യയുമായി കൈകോർത്ത് ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ രണ്ടുതവണ ഒളിമ്പിക്‌സ് മെഡൽ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജിനെ, ജർമൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യയിലെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയ RS Q8 പെർഫോമൻസ് മോഡലിനൊപ്പം പോസ് ചെയ്തുകൊണ്ട് അദ്ദേഹം ഈ പങ്കാളിത്തം സ്ഥിരീകരിച്ചു. RS Q8 പെർഫോമൻസുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പ്രൊമോഷൻ വീഡിയോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഔഡി പുറത്തിറക്കിയിട്ടുമുണ്ട്.
'ഞാൻ എപ്പോഴും ഔഡിയെ ആരാധിച്ചിട്ടുണ്ട്. കാറുകൾക്ക് വേണ്ടി മാത്രമല്ല, ആ ബ്രാൻഡ് എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതിനും കൂടിയാണ് അത്. ഒരു കായികതാരം എന്ന നിലയിൽ, ഈ മൂല്യങ്ങൾ എന്നിൽ ആഴത്തിൽ സ്വാധീനം ചെലുത്തുന്നു. കളിക്കളത്തിലായാലും ജീവിതത്തിലായാലും മികവിനായുള്ള അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ല. ഔഡി കുടുംബത്തിൽ ചേരാനും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്ന ഒരു ബ്രാൻഡിനെ പ്രതിനിധീകരിക്കാനും ഞാൻ ആവേശഭരിതനാണ്.' നീരജ് പറഞ്ഞു.
അതിരുകൾ ഭേദിക്കുന്നവർക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലൺ പ്രതികരിച്ചു. കേവലം പ്രകടനംകൊണ്ട് മാത്രം നിർവചിക്കപ്പെടുന്നവരല്ല അവർ, മറിച്ച് മികവിനായുള്ള അശ്രാന്ത പരിശ്രമത്താൽ നിർവചിക്കപ്പെടുന്നവരാണ്. നീരജ് ചോപ്ര ആ സ്പിരിറ്റിൻ്റെ പ്രതിരൂപമാണ്. അദ്ദേഹത്തിൻ്റെ ശ്രദ്ധ, വേഗത, സമാനതകളില്ലാത്ത പ്രകടനം എന്നിവ അദ്ദേഹത്തെ ഞങ്ങളുടെ ബ്രാൻഡിൻ്റെ ഭാഗമാക്കി മാറ്റുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Neeraj Chopra brand ambassador of Audi India