വാഹനങ്ങളുടെ എണ്ണം അനുസരിച്ച് സിഗ്നല്‍ മാറും; ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഒരുങ്ങുന്നു

#Auto Desk
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

നവിമുംബൈ: നഗരത്തിലെ ഗതാഗത നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ് ) നടപ്പിലാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പാം ബീച്ച് റോഡില്‍ നടപ്പിലാക്കുന്ന സംവിധാനം ഘട്ടംഘട്ടമായി നഗരത്തിലെ 58 പോയിന്റുകളിലേക്ക് വ്യാപിപ്പിക്കും. കോര്‍പ്പറേഷന് അധികമായി സാമ്പത്തിക ബാധ്യത ഇല്ലാതെ സ്വകാര്യ പൊതുമേഖല സഹകരണത്തോടെയാണ് സംവിധാനം ഒരുക്കുന്നത്.

ഉയര്‍ന്നശേഷിയുള്ള ക്യാമറകള്‍, സെന്‍സറുകള്‍ മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം റോഡുകളിലെ തല്‍സമയ സ്ഥിതിഗതികള്‍ യാത്രക്കാരെ അപ്പപ്പോള്‍ അറിയിക്കാന്‍ പര്യാപ്തമായിരിക്കും. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സിഗ്‌നല്‍ സമയം സ്വയം ക്രമീകരിക്കാന്‍ കഴിവുള്ളതാണ് ഐടിഎംഎസ്. ഇത് യാത്രാസമയം ലാഭിക്കാനും ഇന്ധനനഷ്ടം കുറയ്ക്കാനും സഹായകമാകും.

അപകടങ്ങള്‍, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ എന്നിവമൂലം ഗതാഗതം തടസ്സപ്പെടുമ്പോള്‍ ഉടന്‍ ബന്ധപ്പെട്ട ഏജന്‍സികളെ വിവരമറിയിച്ച് തടസ്സങ്ങള്‍ നീക്കാന്‍ പുതിയ സംവിധാനം വഴി സാധ്യമാകും. ഒരോ റൂട്ടിലേയും ഗതാഗതത്തിരക്ക് യാത്രക്കാരെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ വഴിയും മൊബൈല്‍ ആപ് വഴിയും അറിയിക്കുമെന്നതിനാല്‍ ഗതാഗതക്കുരുക്കുള്ള റൂട്ടുകള്‍ ഒഴിവാക്കി യാത്രചെയ്യാന്‍ കഴിയും.

ആംബുലന്‍സ്, അഗ്‌നിശമനസേന എന്നിവയ്ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയുന്ന ഗ്രീന്‍ കോറിഡോര്‍ ഐടിഎംഎസിന്റെ ഭാഗമാണ്. എല്‍ഇഡി ബോര്‍ഡുകളില്‍നിന്ന് പരസ്യവരുമാനം ഉണ്ടാകുമെന്നതിനാല്‍ ഒരു ചെലവുമില്ലാതെ വാഹന യാത്രക്കാര്‍ക്ക് ലോകനിലവാരത്തിലുള്ള ഗതാഗതസൗകര്യം ലഭ്യമാകുമെന്നും പുതിയസംവിധാനം വരുന്നതോടെ അത്യാധുനിക നഗരമെന്ന നവിമുംബൈയുടെ പേര് കൂടുതല്‍ പ്രശസ്തമാകുമെന്നും സിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പ്രവീണ്‍ ഗഡെ പറഞ്ഞു.

Content Highlights: Navi Mumbai Municipal Corporation implements Intelligent Traffic Management System (ITMS) for efficient city traffic control. Learn how it uses advanced tech to ease commutes.