സ്‌കൂട്ടറിൽ അഞ്ചുപേരുടെ യാത്ര; ശിക്ഷ പിഴയിൽ നിൽക്കില്ല, ലൈസൻസ് പോകും, MVD-യുടെ ക്ലാസിൽ രക്ഷിതാക്കളും വരണം

#Auto Desk
നിയമം കാറ്റിൽപ്പറത്തി സ്‌കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർഥികളുടെ സാഹസിക യാത്ര.
നിയമം കാറ്റിൽപ്പറത്തി സ്‌കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർഥികളുടെ സാഹസിക യാത്ര.

കാക്കനാട്: നിയമങ്ങൾ കാറ്റിൽപ്പറത്തി തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അഞ്ചു വിദ്യാർഥികൾ മോട്ടോർ വാഹന വകുപ്പിന്റെ വലയിലായി. പിഴയൊടുക്കിയതുകൊണ്ടുമാത്രം ഇവരുടെ 'അഭ്യാസം' അവസാനിക്കുന്നില്ല.

വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നടപടി ആരംഭിച്ചു. ഇതിനൊപ്പം, രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ 'ഹീറോയിസം' കാണിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് യാത്രയുടെ യഥാർഥ വില ശരിക്കും ബോധ്യമായി.

അഞ്ചുപേർ ഒരുമിച്ച് യാത്ര ചെയ്തതിന് പിഴ 1,000 രൂപയാണ്. ഹെൽമെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും. അങ്ങനെ ആകെ പിഴ 2,500 രൂപ.

കാറിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തി അമിതശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞ സ്വകാര്യ കോളേജ് വിദ്യാർഥിക്കും എം.വി.ഡി.യുടെ പിടിവീണു. ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിൽ നടത്തിയ വാഹന പരിശോധനയിലാണ് നിയമവിരുദ്ധമായി സൈലൻസറിൽ മാറ്റം വരുത്തിയ കാർ കുടുങ്ങിയത്.

അനധികൃത രൂപമാറ്റം വരുത്തിയതിന് 12,000 രൂപയാണ് പിഴചുമത്തിയത്. സമാനമായ രീതിയിൽ സൈലൻസറിൽ മാറ്റം വരുത്തിയ വാഹനവുമായി കോതാട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയും പിടിയിലായി. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നോട്ടീസ് കൈമാറി.

സൈലൻസർ മാറ്റിവെച്ച് അമിതശബ്ദത്തോടെ വാഹനം ഓടിക്കുന്നതിനെതിരേ നാട്ടുകാർ വാഹനത്തിന്റെ നമ്പർ സഹിതം പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. ഇയാൾക്കെതിരേ നാല് ഇ-ചലാൻ കേസുകൾ വേറെയുമുണ്ട്. പുതിയ കേസുകളിൽ പിഴ ചുമത്തിയിട്ടില്ലെങ്കിലും പഴയ ഇ-ചലാനുകളിലെ കുടിശ്ശിക മുഴുവൻ ഉടൻ അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.

Content Highlights: Five students caught on a single two-wheeler on Thrikkakara Pipeline Road without helmets., Rider's license is being suspended, and parents must attend an awareness class., Total fine of Rs 2,500 imposed for triple riding and lack of helmets., Private college student caught on Infopark Expressway with an illegally modified silencer fined Rs 12,000., Another student from Kothad caught for silencer modification facing license suspension and pending e-challan clearances.