മലയോര റൂട്ടിൽ 53 വർഷം പിന്നിട്ട് ‘മുനീർ’; ഒരു നാടിന്റ ഏക ബസ്

ബന്തടുക്ക (കാസർകോട്): ’വേഗം, എല്ലാരും കേറിയോ... പൊയിനാച്ചി, കുണ്ടംകുഴി, കുറ്റിക്കോൽ, ബന്തടുക്ക, മാണിമൂല, പോകാം റൈറ്റ്....’ പിന്നെ കണ്ടക്ടറുടെ നീണ്ട വിസിൽ. കാസർകോട് പഴയ ബസ്‌സ്റ്റാൻഡ്, മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിൽ ബസിനുള്ളിൽനിന്ന് ക്ലീനറും കണ്ടക്ടറും ഇങ്ങനെ ഒച്ചത്തിൽ പറയുന്നത് കേട്ടാൽ ബസ് യാത്രക്കാർക്ക് ഉടൻ മനസ്സിലാകും; അതാ നമ്മുടെ നാട്ടിലേക്കുള്ള മുനീർ ബസ് എത്തി. പിന്നെ സുരക്ഷിതയാത്ര. മലയോര റൂട്ടിൽ 53 വർഷം പിന്നിടുകയാണ് മുനീർ ട്രാവൽസ്.
കാസർകോട്ടുനിന്ന് 49 കിലോമീറ്റർ അകലെ കർണാടക വനാതിർത്തിയായ മാണിമൂല കണ്ണാടിത്തോട്ടേക്കുള്ള ഏക ബസാണിത്. മുനീർ നാട്ടുകാരുടെയും യാത്രക്കാരുടെയും ഏറെ പ്രിയപ്പെട്ട ബസാകുന്നതിനും ഒട്ടേറെ കാരണങ്ങളുണ്ട്. സൗകര്യപ്രദമായ സമയം, മുടക്കം വരാത്ത സർവീസ്, ജീവനക്കാർക്ക് യാത്രക്കാരോടും തിരിച്ചും ഉള്ള സ്നേഹപൂർവമായ പെരുമാറ്റം, ഏറെക്കാലം കണ്ടക്ടറായും ഡ്രൈവറായും പണിയെടുത്തവരുടെ പേരിനോടൊപ്പം ചേർക്കുന്ന ’മുനീർ’ എന്ന വിളിപ്പേര്, അങ്ങനെ പോകുന്നു അവ.
കാസർകോട് സബ് ജയിലിന് സമീപം പള്ളം റോഡ് ഷെയ്ക്ക് മൻസിലിലെ ഷെയ്ക്ക് നൂറുദ്ദീൻ ബാബുവാണ് ഉടമ. 1973 നവംബർ അഞ്ചിനാണ് ബസിന് പെർമിറ്റ് ലഭിക്കുന്നത്. നൂറുദ്ദീൻ ബാബുവിന്റെ മകൻ എസ്.എൻ. മുനീർ അഹമ്മദിന്റെ ജന്മദിനവുമാണിത്. മകന്റെ പേരാണ് ബസിന്. 2006-ൽ നൂറുദ്ദീൻ ബാബുവിന്റെ മരണശേഷം എസ്.എൻ. മുനീർ അഹമ്മദാണ് ബസുടമ.
പെർമിറ്റ് ലഭിച്ചത് മുതലുള്ള അതേ റൂട്ടും സമയവും ഇന്നും തുടരുന്നു. രാവിലെ 7.05-ന് കാസർകോട്ടുനിന്ന് പുറപ്പെട്ട് 9.15-ന് കണ്ണാടിത്തോട്ട് എത്തും. 9.45-ന് തിരിച്ച് 11.50-ന് കാസർകോട്ടെത്തും. വീണ്ടും ഒരുമണിക്ക് പുറപ്പെട്ട് മൂന്നിന് കണ്ണാടിത്തോട്. അഞ്ചിന് തിരിച്ച് രാത്രി ഏഴിന് കാസർകോട്ട് എത്തുന്നതാണ് സമയക്രമം.
കെ.എൽ.സി. 6049 നമ്പർ ബസായിരുന്നു ആദ്യത്തെ മുനീർ. പിന്നീട് കെ.ആർ.സി. 3169, കെ.എൽ. 13 ബി 7587, കെ.എൽ. 13 എൽ 2939, കെ.എൽ. 13 ക്യു 1489 എന്നിങ്ങനെ ബസ് മാറ്റി. കെ.എൽ. 13 വി 9552 ആണ് നിലവിൽ സർവീസ് നടത്തുന്നത്. 1950-കളിൽ ബന്തടുക്കയിലേക്ക് സർവീസ് നടത്തിയിരുന്ന ആദ്യത്തെ ബസ് മെഹബൂബ് ട്രാവൽസ് ഉടമകളുടെ കുടുംബാംഗമാണ് നൂറുദ്ദീൻ ബാബു. ബന്തടുക്ക-തലപ്പാടി റൂട്ടിലും ഇദ്ദേഹത്തിന്റെ മറ്റൊരു മുനീർ ബസ് സർവീസ് നടത്തിയിരുന്നു. തലപ്പാടി മുനീർ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 1975-ൽ സർവീസ് തുടങ്ങിയ ഇത് 2005-ൽ നിർത്തി.
ആദ്യകാലത്ത് നിറയെ യാത്രക്കാരെയും വഹിച്ച് ബസ് കയറ്റം കയറാതാകുമ്പോൾ ഇറങ്ങിനടന്ന്, കയറ്റത്തിന് ശേഷം വീണ്ടും ബസിൽ കയറി യാത്ര തുടർന്നതും പാലം ഇല്ലാത്തതിനാൽ കരിച്ചേരി പുഴയുടെ ഇരുകരകളിലും ബസ് മാറിക്കയറേണ്ടിവന്നതും മറ്റും മുതിർന്നവർ ഓർക്കുന്നു. കുണ്ടംകുഴി മരുതടുക്കം എ.കെ.ജി. യുവജന സ്വയം സഹായസംഘം പ്രവർത്തകർ ഞായറാഴ്ച രാവിലെ എട്ടിന് മരുതടുക്കം സ്റ്റോപ്പിൽ ബസിന് സ്വീകരണവും ഉടമയ്ക്കും ജീവനക്കാർക്കും അനുമോദനവും നൽകും.
Content Highlights: Discover Muneer Travels, serving Kerala`s Malayaora route for 53 years. A beloved single bus route connecting Kasaragod to Karnataka border, known for reliability and friendly service.