ആലപ്പുഴ അപകടം; ഉടമയ്ക്ക് വിദ്യാര്‍ഥികളുമായി ബന്ധമില്ല, വാഹനം നല്‍കിയത് പണത്തിനെന്ന് എം.വി.ഡി

ഷാമില്‍ ഖാന്‍, അപകടത്തില്‍പെട്ട കാര്‍
ഷാമില്‍ ഖാന്‍, അപകടത്തില്‍പെട്ട കാര്‍

ആലപ്പുഴ: കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം ശനിയാഴ്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. അപകടത്തില്‍പ്പെട്ട കാറിന്റെ ഉടമ ഷാമില്‍ഖാന് വിദ്യാര്‍ഥികളുമായി ബന്ധമോ പരിചയമോ സൗഹൃദമോ ഇല്ലെന്നും പണത്തിനാണ് കാര്‍ നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി കോടതി നിര്‍ദേശിക്കും.

ആര്‍.സി. റദ്ദാക്കാന്‍ കത്തുനല്‍കി

അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ആര്‍. രമണന്‍ ആലപ്പുഴ ആര്‍.ടി.ഒ. ദിലുവിനു കത്തുനല്‍കി. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടിയെടുക്കേണ്ടത് ആലപ്പുഴ ആര്‍.ടി.ഒ.യാണ്. വാഹനവുമായി ബന്ധപ്പെട്ട് വിവിധ നിയമലംഘനങ്ങള്‍ നടത്തിയെന്നു തെളിഞ്ഞതിനാലാണിത്. വാഹനം നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയതിന് മോട്ടോര്‍വാഹന നിയമപ്രകാരം ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്.

നാളെമുതല്‍ പരിശോധന

കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ തിങ്കളാഴ്ചമുതല്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തും. ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ കളര്‍കോടുവരെയുള്ള ഭാഗം ബ്ലാക്ക് സ്‌പോട്ടില്‍ അപകടമുണ്ടാകാതിരിക്കാനുള്ള നടപടിയെപ്പറ്റി വിശദ റിപ്പോര്‍ട്ടു നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായാണു പരിശോധന നടത്തുന്നത്.

ആലപ്പുഴ ആര്‍.ടി.ഒ., നാഷണല്‍ സെക്ടര്‍ ആര്‍.ടി.ഒ., ദക്ഷിണമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കും. അപകടംനടന്ന സ്ഥലത്ത് വെളിച്ചമില്ലാത്തതും റോഡിനു വീതിയില്ലാത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ റോഡരികില്‍ മരംനില്‍ക്കുന്നതും അപകടകാരണമെന്നാണു വിലയിരുത്തുന്നത്. ജനങ്ങളുമായും ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.

Content Highlights: Motor Vehicle Department submits report on Alappuzha car crash that killed 6 medical students.