പോലീസ് സേനയ്ക്ക് MLA വക 13 ഹോണ്ട ഹൈനസ് ബൈക്കുകൾ, വിവാദം; വീഡിയോ വൈറൽ

photo: commissioner of Police Belagavi City/facebook
photo: commissioner of Police Belagavi City/facebook

റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾക്കായാണ് സാധാരണയായി ഒരു  എംഎൽഎ സർക്കാർ നൽകുന്ന ഫണ്ട് ചെലവഴിക്കാറ്. എന്നാൽ, അടുത്തിടെ കർണാടകയിലെ ഒരു എംഎൽഎ, കർണാടകയിലെ ബെലഗാവിയിലെ പോലീസ് സേനയ്ക്കായി 13 ഹോണ്ട CB 350 ഹൈനസ് മോട്ടോർസൈക്കിളുകൾ വാങ്ങാൻ 25 ലക്ഷം രൂപ ചെലവഴിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

ബെലഗാവി നോർത്ത് എംഎൽഎ ആസിഫ് സെയ്ത് പോലീസുകാർക്കൊപ്പം പുതിയ ഹോണ്ട സിബി 350 ഹൈനസ് ബൈക്കുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ വീഡിയോ, 'ഓൾ എബൗട്ട് ബെലഗാവി'യാണ് അവരുടെ എക്സ് പേജിൽ പങ്കുവെച്ചത്. ബെലഗാവി സിറ്റി പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലും പിന്നീട് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു.  

കറുപ്പ് നിറത്തിലുള്ള 13 മോട്ടോർസൈക്കിളുകൾ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുന്നത് വീഡിയോയിൽ കാണാം. ഹെൽമെറ്റ് ധരിച്ച 13 പോലീസ് ഉദ്യോഗസ്ഥർ ഈ ബൈക്കുകൾക്ക് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ബെലഗാവി നോർത്ത് കർണാടക നിയമസഭാംഗം ആസിഫ് സെയ്ത് ബൈക്കുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതും കാണാം. മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പുതിയ ബൈക്കുകളിലൊന്ന് അദ്ദേഹം ഓടിക്കുന്നുമുണ്ട്.  

റിപ്പോർട്ടുകൾ പ്രകാരം, ആസിഫ് സെയ്ത് തൻ്റെ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ മുടക്കിയാണ് 13 ഹോണ്ട സിബി350 മോട്ടോർസൈക്കിളുകൾക്ക് ഓർഡർ നൽകിയത്. എന്നാൽ, ബൈക്കുകൾക്കായി 25 ലക്ഷം രൂപ ചെലവഴിക്കുന്നത് പ്രദേശത്തെ സാധാരണ പൗരന്മാർക്ക് സഹായകമാകില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ സെയ്തിൻ്റെ തീരുമാനത്തെ വിമർശിക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാനായി വില കുറഞ്ഞ മോട്ടോർസൈക്കിളുകൾ നൽകാമായിരുന്നു എന്ന് നെറ്റിസൺസും ചൂണ്ടിക്കാട്ടി. ഈ തുക സർക്കാർ സ്കൂളുകൾ, പൊതു റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിനായി എളുപ്പത്തിൽ ഉപയോഗിക്കാമായിരുന്നു. ഇത് പൗരന്മാർക്ക് കൂടുതൽ സഹായകമാകുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

റോയൽ എൻഫീൽഡ് മീറ്റിയോർ 350, ക്ലാസിക് 350 എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന 350 സിസി മോട്ടോർസൈക്കിളാണ് ഹോണ്ട CB 350. ഇതിൻ്റെ DLX വേരിയൻ്റിന് 2.15 ലക്ഷം രൂപ മുതലും DLX PRO വേരിയൻ്റിന് 2.18 ലക്ഷം രൂപയുമാണ് വില (എക്സ്-ഷോറൂം).  

348.66 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 20.7 ബിഎച്ച്പി കരുത്തും 29.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ബൈക്കിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ആൻ്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റവും (ABS) ലഭിക്കുന്നു. ഓൾ-എൽഇഡി ലൈറ്റിങ്, ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

Content Highlights: mla-spends-25-lakh-on-honda-cb350-motorcycles