ദേ കിടക്കണ് ആ കരടി! ഇന്‍ഷുറന്‍സ് തുകയ്ക്കായി കരടിയുടെ വേഷം ധരിച്ചെത്തി കാര്‍ ആക്രമിച്ചു; പണി പാളി

പ്രതികളില്‍നിന്ന് കണ്ടെടുത്ത കരടിയുടെ വേഷം | Photo:AFP
പ്രതികളില്‍നിന്ന് കണ്ടെടുത്ത കരടിയുടെ വേഷം | Photo:AFP

കരടി വാഹനം ആക്രമിച്ചെന്ന് പറഞ്ഞ് വന്‍തുകയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് നാലുപേര്‍ അറസ്റ്റില്‍. ആക്രമിച്ചത് യഥാര്‍ഥ കരടിയല്ലെന്നും കരടിയുടെ വേഷം ധരിച്ചെത്തി യുവാക്കള്‍ നടത്തിയ നാടകമാണെന്നും കണ്ടെത്തിയതോടെയാണ് നാലുപേരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ലോസ് ആഞ്ജലിസിലാണ് സംഭവം. 

റൂബന്‍ തമ്രാസിയന്‍, അരാരാത് ചിര്‍കിനിയാന്‍, വാഹേ മുരാദ്ഖനായ്ന്‍, ആല്‍ഫിയ സുക്കര്‍മാന്‍ എന്നിവരെയാണ് ഇന്‍ഷുറന്‍സ് തട്ടിപ്പിന് പോലീസ് പിടികൂടിയത്. റോള്‍സ് റോയ്‌സിന്റെ ഗോസ്റ്റ് മോഡല്‍ വാഹനത്തിന് നേരേ കരടിയുടെ ആക്രമണം നടന്നെന്നും സംഭവത്തില്‍ വാഹനത്തിന് നാശനഷ്ടമുണ്ടായെന്നും പറഞ്ഞാണ് ഇവര്‍ 1,41,839 ഡോളറിന്റെ (ഏകദേശം 1.19 കോടി രൂപ) ഇന്‍ഷുറന്‍സ് ക്ലെയിമിനായി സമീപിച്ചത്. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ വിശദമായ അന്വേഷണത്തില്‍ കരടി ആക്രമിച്ചെന്ന പരാതി വ്യാജമാണെന്നും ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനായി യുവാക്കളിലൊരാള്‍ കരടിയുടെ വേഷം ധരിച്ചെത്തിയാണ് കാറിന് നേരേ ആക്രമണം നടത്തിയതെന്നും കണ്ടെത്തി. ഇതോടെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേര്‍ക്കെതിരേയും കേസെടുത്തത്. 

ഇക്കഴിഞ്ഞ ജനുവരിയിലാണ് വാഹനത്തിന് നേരേ കരടിയുടെ ആക്രമണമുണ്ടായെന്ന് പറഞ്ഞ് വാഹന ഉടമയായ പ്രതികളിലൊരാള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. തെളിവായി കരടി ആക്രമണം നടത്തുന്ന സിസിടിവി വീഡിയോയും സമര്‍പ്പിച്ചിരുന്നു. കരടി കാറിനുള്ളില്‍ നാശനഷ്ടമുണ്ടാക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാല്‍, സിസിടിവിയില്‍ കണ്ട കരടിയുടെ ചില അസ്വാഭാവികതകള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടു. കരടിയുടെ രോമത്തിലെ അസ്വാഭാവികതയും ഇത് ഹാലോവീനിന് ധരിക്കുന്ന വസ്ത്രത്തെപ്പോലെ മൃദുവായി തോന്നിയതുമാണ് സംശയത്തിനിടയാക്കിയത്.

മാത്രമല്ല, കാറിലുണ്ടായ കേടുപാടുകള്‍ കരടിയുടെ നഖം കൊണ്ടുണ്ടായതല്ലെന്ന സംശയവും അധികൃതര്‍ക്കുണ്ടായി. ഇതോടെ കാലിഫോര്‍ണിയ വന്യജീവി വകുപ്പിലെ ജീവശാസ്ത്രജ്ഞന്റെ സഹായത്തോടെ ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ വീഡിയോയും ചിത്രങ്ങളും വീണ്ടും പരിശോധിച്ചു. ഈ പരിശോധനയിലാണ് ആക്രമണം നടത്തിയത് കരടിയല്ലെന്നും കരടിവേഷം ധരിച്ചെത്തിയ ആളാണെന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി പരാതി നല്‍കിയതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെയും പിടികൂടുകയായിരുന്നു. ഇന്‍ഷുറന്‍സ് തട്ടിപ്പിനായി ഉപയോഗിച്ച കരടിയുടെ വേഷവും പ്രതികളിലൊരാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Content Highlights: man dressed up as bear and attacked car to claim insurance amount