മഹീന്ദ്ര എക്സ്.യു.വി.സെവൻ എക്സ്.ഒ. ഒരുപടി മുന്നിൽ

#സി. സജിത് | saji.c.nair@gmail.com
എക്സ്.യു.വി. സെവന്‍ എക്സ്.ഒ | Photo - Mahindra
എക്സ്.യു.വി. സെവന്‍ എക്സ്.ഒ | Photo - Mahindra

മഹീന്ദ്രയുടെ കൊടിയടയാളമായിരുന്നു എക്സ്.യു.വി. 700. അഞ്ചുസീറ്റുകൾക്കപ്പുറം വേണമെന്നാഗ്രഹിച്ച കുടുംബങ്ങളുടെ ഒന്നാമത്തെ ചോയ്സ്. 2021-ൽ പുറത്തിറങ്ങിയപ്പോൾ മുതൽ മഹീന്ദ്രയുടെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ച വണ്ടി. ഇക്കാലത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങളിലേക്കെത്തിയതു തന്നെ സാക്ഷ്യം.

സാങ്കേതികത ദിനംപ്രതി മാറുന്നകാലത്ത് എക്സ്.യു.വി. 700-ന് പുതുമുഖമേകിയതാണ് എക്സ്.യു.വി. സെവൻ എക്സ്.ഒ., പുത്തൻ പേരു നൽകിയതിനൊപ്പം ഫീച്ചറുകൾക്കും പെർഫോമൻസിലുമെല്ലാം മാറ്റവുമായാണ് ഈ സെവൻസീറ്ററിന്റെ വരവ്. ലോകത്തെ ആദ്യ ഡാവിഞ്ചി സസ്പെൻഷൻ എന്ന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് പുതിയ വണ്ടി വരുന്നത്.

യാത്രാസുഖം ഗാരന്റി. ഡാഷ്ബോർഡ് മുഴുവൻ നിറഞ്ഞുനിൽക്കുന്ന ട്രിപ്പിൾ സ്‌ക്രീൻ, അതിലൊന്ന് മുന്നിലെ യാത്രക്കാരന് മാത്രമായി സ്വകാര്യ ആഡംബരം. ശബ്ദത്തിന്റെ മാസ്മരികതയുമായി ഇന്റഗ്രേറ്റഡ് ഡോൾബി അറ്റ്മോസ്, ഡോൾബി വിഷൻ അനുഭവം, മെച്ചപ്പെടുത്തിയ ലെവൽ 2 അഡാസ്... എന്നിങ്ങനെ പോകുന്നു ആകർഷണങ്ങൾ.

ഡിസൈൻ ആകർഷകം

മുൻ മോഡലിനെക്കാൾ ആകർഷണം കൂടി. ഇരുണ്ട ക്രോം ഫിനിഷുള്ള ഗ്രിൽ, ബൈ-എൽ.ഇ.ഡി. പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, ഇൻഡിക്കേറ്ററുകളോടുകൂടിയ സി രൂപത്തിലുള്ള ഡി.ആർ.എൽ., 19-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, ആൾ അടുത്തു ചെന്നാൽ തനിയെ തുറന്നുവരുന്ന ഫ്‌ലാഷ് ഡോർ ഹാൻഡിലുകൾ.

നിറങ്ങൾ ആകർഷകം

തവിട്ടും ചന്ദന നിറവും ചേർന്ന തിളങ്ങുന്ന നിറങ്ങളുടെ സമ്മിശ്രണമാണ് അകം. എല്ലാ വേരിയന്റുകളിലും 12.3-ഇഞ്ചുള്ള മൂന്ന് ഡിസ്പ്ലേകളാണ് വരുന്നത്. മുൻസീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. ഡ്രൈവർ സീറ്റിൽ മെമ്മറി ഫങ്ഷനും മാനുവൽ ലംബാർഡ് സപ്പോർട്ടും. പിന്നിലെ യാത്രക്കാർക്ക് മുന്നിലെ സീറ്റ് ക്രമീകരിക്കാൻ കഴിയുന്ന 'ബോസ് മോഡ്'. മൂന്നാമത്തെ നിരയിൽ രണ്ടുപേർക്കുള്ള ഹെഡ്റെസ്റ്റും കുട്ടികൾക്കുള്ള ലെഗ്റൂമുമുണ്ട്.

രണ്ട് എൻജിനുകൾ

200 ബി.എച്ച്.പി. കരുത്തും 380 എൻ.എം. ടോർക്കും നൽകുന്ന 2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എൻജിനും 2.2-ലിറ്റർ എം-ഹോക്ക് ഡീസൽ എൻജിനുമാണ് വരുന്നത്. 182 ബി.എച്ച്.പി. കരുത്തുനൽകുന്ന ഡീസൽ എൻജിൻ മാനുവൽ വേരിയന്റുകളിൽ 420 എൻ.എം. ടോർക്കും, ഓട്ടോമാറ്റിക്കിൽ 450 എൻ.എം. ടോർക്കും നൽകുന്നുണ്ട്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ട്രാൻസ്മിഷനുമാണ് ഇവ.

ഓട്ടമാറ്റിക് ഡീസലായിരുന്നു ഓടിച്ചത്. വേഗമെടുക്കുന്ന കാര്യത്തിൽ ഒരു പ്രശ്‌നവുമില്ല. ഓവർടേക്കിങ്ങിനൊക്കെ നല്ല ധൈര്യം തരുന്നുണ്ട്. സ്റ്റിയറിങ്ങിന്റെ പ്രകടനവും അതിഗംഭീരം. എന്നാൽ ഞെട്ടിച്ചത് 'ഡാവിഞ്ചി' സസ്പെൻഷനാണ്. റോഡിനനുസരിച്ച് സസ്പെൻഷൻ സ്വയം ക്രമീകരിക്കുന്ന സാങ്കേതികതയാണിത്. ലെവൽ 2 അഡാസിന്റെ ഗുണവും അറിയാനായി. റോഡിലെ വാഹനങ്ങളെയും മനുഷ്യരെയും, മൃഗങ്ങളടക്കമുള്ളവയെയും കൃത്യമായി കണ്ടെത്തി സ്‌ക്രീനിൽ കാണിച്ചുതരും. യാത്രാസുഖവും ഡ്രൈവിങ് അനുഭവവും മികച്ചതാക്കാൻ കഴിഞ്ഞിട്ടുണ്ട്.

Content Highlights: Features the world's first DaVinci Suspension for superior ride comfort., Equipped with an immersive triple-screen dashboard and integrated Dolby Atmos.