അഭ്യാസത്തിനിടെ തലകുത്തി മറിഞ്ഞ് ഥാര്‍; വീഡിയോ വൈറലായതോടെ പോലീസ് കേസും | Video

വാഹനം ഉപയോഗിച്ചുള്ള അഭ്യാസവും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കലുമാണ് ഡ്രൈവിങ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള മാനദണ്ഡമെന്നാണ് ചുരുക്കം ചില ആളുകളുടെയെങ്കിലും ധാരണ. ഇത്തരം അഭ്യാസപ്രകടങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളും ചെറുതല്ല. ഇത്തരത്തില്‍ മഹീന്ദ്ര ഥാറില്‍ ഒരു കൂട്ടം യുവാക്കള്‍ നടത്തിയ അഭ്യാസവും ഇതേത്തുടര്‍ന്നുണ്ടായ അപകടവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലീസ്.
ജാര്‍ഖണ്ഡിലെ ഗദ്ദോപുര്‍ പെത്തിയ എന്ന സ്ഥലത്താണ് സംഭവം. സ്വാതന്ത്ര്യദിനത്തിലാണ് ഈ അപകടമുണ്ടാകുന്നത്. പിന്നീട് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും പോലീസിന്റെ ശ്രദ്ധയില്‍പെടുകയും ചെയ്തതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡ്രൈവ് ചെയ്ത ആള്‍ ഉള്‍പ്പെടെ ആറുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നാണ് വിവരങ്ങള്‍.
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിന്റെ സോഫ്റ്റ് ടോപ്പ് മോഡലിലാണ് യുവാക്കളുടെ അഭ്യാസം. സ്റ്റിയറിങ് പൂര്‍ണമായും വലത് വശത്തേക്ക് തിരിച്ചുവെച്ച ശേഷം അതിവേഗത്തില്‍ വാഹനം ഓടിക്കാന്‍ ആരംഭിക്കുകയായിരുന്നു. വേഗം കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് വിവരം.
മഹീന്ദ്ര ഥാറിന്റെ സോഫ്‌ടോപ്പ് പതിപ്പാണ് അഭ്യാസത്തിന് ഉപയോഗിച്ചിരുന്നതെങ്കിലും അതിലെ റൂഫും അഴിച്ചുമാറ്റിയ നിലയിലായിരുന്ന വാഹനം. റൂഫ് ഇല്ലാതിരുന്നതിനാല്‍തന്നെ അപകട സമയത്ത് വാഹനത്തില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് തെറിച്ചുവീഴുന്നതും വീഡിയോയില്‍ കാണാം. അപകടത്തിന്റെ വീഡിയോ തെളിവായി സ്വീകരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഏതൊക്കെ വകുപ്പാണ് ചുമത്തിയിട്ടുള്ളത് എന്നതില്‍ വ്യക്തതയില്ല.
Content Highlights: Mahindra Thar rolls while stunting, Police register case against six youngsters