പോലീസിന്റെ തലയും സേഫാക്കണം; ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പോലീസുകാർക്കും ഹെൽമെറ്റ് നിർബന്ധം

മുംബൈ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ഹെൽമെറ്റ് ധരിക്കുന്നത് മഹാരാഷ്ട്ര പോലീസ് നിർബന്ധമാക്കി. സംസ്ഥാനത്തുടനീളമുള്ള എല്ലാ കമ്മിഷണറേറ്റുകൾക്കും ജില്ലാ പോലീസ് യൂണിറ്റുകൾക്കും ഇത് സംബന്ധിച്ച് ഡി.ജി.പി. നിർദേശം നൽകി.
നാഗ്പുരിൽ അടുത്തിടെ നടന്ന ഉന്നതതല യോഗത്തിൽ, നിയമപാലകർ മാതൃകയായി പ്രവർത്തിക്കണമെന്ന് ഡി.ജി.പി. ഊന്നിപ്പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, പൊതുജനങ്ങൾക്കിടയിൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് ഡി.ജി.പി. പറഞ്ഞു.
മഹാരാഷ്ട്ര പോലീസ് നടത്തിയ ഒരു പഠനമനുസരിച്ച്, കഴിഞ്ഞ ദശകത്തിൽ റോഡപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളിലും ഗുരുതരമായ പരിക്കുകളിലും 35 മുതൽ 40 ശതമാനം വരെ ഇരുചക്ര വാഹന യാത്രികരാണ് ഇരകളാകുന്നത്. ശരിയായ ഹെൽമെറ്റ് ഉപയോഗം തലയ്ക്ക് മാരകമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും സംസ്ഥാനത്തുടനീളം ഹെൽമെറ്റ് ധരിക്കണമെന്നുള്ള നിർദേശം പാലിക്കപ്പെടുന്നില്ല.
പുതിയ നിർദേശപ്രകാരം, ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 (ഡി) പ്രകാരം പിഴ ചുമത്തും. കൂടാതെ, അത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ, അത് കടുത്ത അച്ചടക്കലംഘനമായി കണക്കാക്കുകയും ഉദ്യോഗസ്ഥന്റെ സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇത് കരിയറിനെ ബാധിച്ചേക്കാം.
ഈ ഉത്തരവ് ഉടനടി നടപ്പിലാക്കാനും നിർദേശിച്ചിട്ടുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർണായക സംരംഭമായി പോലീസ് വകുപ്പിന്റെ ഈ തീരുമാനത്തെ വിലയിരുത്തുന്നു. നിയമങ്ങൾ പാലിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ മാതൃക കാണിച്ചുകഴിഞ്ഞാൽ, ഹെൽമെറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകുമെന്നാണ് അധികൃതർ വിശ്വസിക്കുന്നത്.
Content Highlights: Mandatory helmet use for all Maharashtra police officers effective 2026., Officers failing to comply face fines under Section 194D., Social media evidence of non-compliance leads to disciplinary action., Aiming to reduce the 35-40% accident fatality rate among two-wheeler riders.