ലോങ് സർവീസിൽ സ്ഥിരം ജീവനക്കാർ വേണം; ഒന്നരമാസം മുമ്പ് ഇറങ്ങിയ നിർദേശം പോലും KSRTC വിഴുങ്ങി

#Auto Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: പരിചയ സമ്പന്നരായ ഡ്രൈവർമാർ വേണം ദീർഘദൂരബസ് ഓടിക്കാനെന്ന് വ്യക്തമാക്കി ഒന്നരമാസം മുൻപ് ഇറക്കിയ നിർദേശം കെ.എസ്.ആർ.ടി.സി. അധികൃതർ വിഴുങ്ങി. കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഇക്കഴിഞ്ഞ ജൂൺ 23-ന് സംസ്ഥാനത്തെ എല്ലാ യൂണിറ്റ് അധികാരികൾക്കുമായി പുറത്തിറക്കിയ നിർദേശമാണ് ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ കാറ്റിൽപ്പറത്തിയത്.

സൂപ്പർഫാസ്റ്റ് മുതലുള്ള എല്ലാ സൂപ്പർക്ലാസ് സർവീസുകളിലേക്കും പരിചയസമ്പന്നരും മികച്ച ഡ്രൈവിങ് നിലവാരം പുലർത്തുന്നവരുമായ സ്ഥിരംജീവനക്കാരെ നിയോഗിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ശനിയാഴ്ച കർണാടകത്തിൽ അപകടത്തിൽപ്പെട്ട ബസിലെ ഡ്രൈവർ താത്കാലിക ജീവനക്കാരനായിരുന്നു. 11 വർഷത്തോളം സ്വകാര്യബസ് ജീവനക്കാരനായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി.യിൽ എത്തിയിട്ട് അഞ്ചുമാസമേ ആയിരുന്നുള്ളൂ.

നിലവിലെ സാഹചര്യത്തിൽ, വേണ്ടത്ര സ്ഥിരംജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ കഴിയാതെവരുമ്പോൾ താത്കാലികവിഭാഗം ജീവനക്കാരെ ദീർഘദൂര സർവീസുകൾക്കായി നിയോഗിക്കാറുണ്ട്. അപ്പോഴും ജീവനക്കാരുടെ സീനിയോറിറ്റിയും പ്രവൃത്തിപരിചയവും മാനദണ്ഡമാക്കണമെന്നാണ് വ്യവസ്ഥ. എല്ലാ മാർഗനിർദേശങ്ങളും കാറ്റിൽപ്പറത്തിയാണ് ബെംഗളൂരു ബസിൽ ഡ്രൈവറായി മിഥിലേഷിനെ ദീർഘദൂര സർവീസിനയച്ചതെന്ന് വ്യക്തം.

ഡിപ്പോയിൽനിന്ന് രാത്രി പുറപ്പെടുന്ന ദീർഘദൂര സർവീസുകളായ കോഴിക്കോട്-മൈസൂരു, കോഴിക്കോട്-ബെംഗളൂരു സർവീസുകൾ നിലവിൽ ഡ്രൈവർ കം കണ്ടക്ടർ രീതിയിൽപ്പെടുന്നതല്ല. ചില യൂണിയനുകളുടെ സമ്മർദംമൂലമാണ് ഈ സർവീസുകളിൽ ഈ രീതി പിന്തുടരാത്തതെന്നും സ്ഥിരംഡ്രൈവർമാർക്ക് ഇത്തരം സർവീസുകളോട് താത്പര്യമില്ലെന്നും ഒരുവിഭാഗം ജീവനക്കാർ ആരോപിക്കുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കെ.എസ്.ആർ.ടി.സി.യിൽ പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. ഏതാണ്ട് 5000-ത്തിലധികം താത്കാലിക ജീവനക്കാരാണ് നിലവിലുള്ളത്. താത്കാലിക ജീവനക്കാരെ ആശ്രയിക്കാതെ സർവീസ് നടക്കില്ലെന്ന് ചുരുക്കം.

Content Highlights: KSRTC ignored its own directive issued on June 23 requiring experienced permanent drivers for super-class long-distance services., The bus involved in the Karnataka accident was driven by a temporary employee with only five months of KSRTC experience., A severe shortage of permanent staff and union pressure force KSRTC to rely heavily on temporary workers for interstate services., No new permanent appointments have been made in KSRTC over the past decade, leaving over 5,000 temporary employees.