KSRTC സ്പെയർപാർട്സ് വാങ്ങലും വിതരണവും ഓൺലൈനിലേക്ക്; പട്ടിക തയ്യാറാക്കുക സോഫ്റ്റ്വേർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്പെയർപാർട്സ് വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഓൺലൈൻ സംവിധാനം നിലവിൽവന്നു. പരീക്ഷണ ഉപയോഗത്തിലുണ്ടായിരുന്ന ഇ-സുതാര്യം ഇൻവെന്ററി മാനേജ്മെന്റ് സിസ്റ്റം തിങ്കളാഴ്ചയോടെ പൂർണസജ്ജമാകും.
സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പെയർവാങ്ങൽ ഓൺലൈനിലേക്ക് എത്തുന്നത്. ആവശ്യമില്ലാത്ത വാഹനഘടകങ്ങൾ വാങ്ങിക്കൂട്ടുന്നതും നിലവാരമില്ലാത്തവ പ്രാദേശികമായി വാങ്ങുന്നതും ഇതിലൂടെ ഒഴിവാക്കാനാകും. ഓരോ ഡിപ്പോകളിലുമുള്ള ബസുകൾക്ക് ആനുപാതികമായി സോഫ്റ്റ്വേർ തന്നെ സ്പെയർപാർട്സിന് ഓരോ മാസവും പട്ടിക തയ്യാറാക്കും. ഇതിൽ ആവശ്യമുള്ളതുമാത്രം വാങ്ങിയാൽ മതിയാകും. എല്ലാ ഘടകങ്ങളുടെയും സ്റ്റോക്ക് രജിസ്റ്റർ ഓൺലൈനിൽ ലഭ്യമാകും. കേന്ദ്രീകൃത വാങ്ങൽരീതിക്കാകും മുൻഗണന നൽകുക.
ഉപയോഗമില്ലാതെ സ്പെയർപാർട്സുകൾ കൂട്ടിയിട്ടിരിക്കുന്നതും ഒഴിവാക്കാനാകുമെന്നതാണ് നേട്ടം. ബിജു പ്രഭാകർ സിഎംഡിയായിരുന്നപ്പോൾ ആവിഷ്കരിച്ച പദ്ധതി മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഇപ്പോൾ പ്രാവർത്തികമായത്. എക്കാലത്തും അഴിമതിയാരോപണം ഉയരുന്നതാണ് കെഎസ്ആർടിസിയിലെ സ്പെയർപാർട്സ് വാങ്ങൽ. ആവശ്യത്തിന് സ്പെയർ ഇല്ലെന്നുപറഞ്ഞാണ് പ്രാദേശികമായി നിലവാരമില്ലാത്ത സ്പെയർപാർട്സുകൾ വാങ്ങിയിരുന്നത്.
Content Highlights: KSRTC spare parts purchase and distribution goes online