നാടിന്റെ മുഖമുദ്ര പതിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; ഇത് കെഎസ്ആര്‍ടിസിയില്‍ പുതുചരിത്രം

കൊട്ടാരക്കര ആർടിസി... കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിൽ മൂകാംബിക സർവീസിനായി അനുവദിച്ച പുതിയ എസി സ്ലീപ്പർ ക്ലാസ് ബസിനു പിന്നിലെ കഥകളിച്ചിത്രം.
കൊട്ടാരക്കര ആർടിസി... കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിൽ മൂകാംബിക സർവീസിനായി അനുവദിച്ച പുതിയ എസി സ്ലീപ്പർ ക്ലാസ് ബസിനു പിന്നിലെ കഥകളിച്ചിത്രം.

കൊട്ടാരക്കര: മൂകാംബികയിലും ബെംഗളൂരുവിലും നില്‍ക്കുമ്പോള്‍ കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് തിരിച്ചറിയാന്‍ ബോര്‍ഡ് നോക്കണമെന്നില്ല. പിന്നിലുള്ള വലിയ കഥകളിച്ചിത്രം കണ്ടാല്‍ ഉറപ്പിക്കാം ബസ് കൊട്ടാരക്കരയ്ക്കുള്ളതാണ്.

കൊട്ടാരക്കര ഡിപ്പോയില്‍നിന്നുള്ള കൊല്ലൂര്‍ മൂകാംബിക, ബെംഗളൂരു സര്‍വീസുകള്‍ക്ക് അനുവദിച്ച എസി സീറ്റര്‍ കം സ്ലീപ്പര്‍ ക്ലാസ് ബസുകളുടെ പിന്നിലാണ് കൊട്ടാരക്കരയുടെ മുഖമുദ്രയായ വലിയ കഥകളിച്ചിത്രമുള്ളത്. ആദ്യമായാണ് കെഎസ്ആര്‍ടിസി ബസുകളില്‍ വലിയ ബഹുവര്‍ണചിത്രങ്ങള്‍ സ്ഥാനം പിടിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കും മൂകാംബികയിലേക്കും അനുവദിച്ചിരിക്കുന്ന രണ്ടു ബസുകളിലും ചിത്രമുണ്ട്. അത് ആനയുടെ തുമ്പിക്കൈയും നെറ്റിപ്പട്ടവുമാണ്. കൊട്ടാരക്കര ഡിപ്പോയിലെ എട്ട് റൂട്ടുകളിലെ പത്ത് സര്‍വീസുകളിലേക്കായി പത്ത് പുതിയ ബസുകളാണ് അനുവദിച്ചത്.

സുല്‍ത്താന്‍ബത്തേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള രണ്ടുവീതം സര്‍വീസുകള്‍ക്ക് നാല് നോണ്‍ എസി പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ലഭിച്ചു. തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്കായി രണ്ട് ബസും ബജറ്റ് ടൂറിസം സര്‍വീസുകള്‍ക്കായി സൂപ്പര്‍ ഡീലക്‌സ് ബസും അനുവദിച്ചു.

കാരുവേലില്‍-മുളവന-കൊല്ലം റൂട്ടില്‍ പുതിയ ഓര്‍ഡിനറി ബസും ഓടിക്കും. ബസുകളുടെ ഫ്‌ളാഗ് ഓഫ് ഞായറാഴ്ച 2.30-ന് കൊട്ടാരക്കര സ്റ്റാന്‍ഡില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.

Content Highlights: KSRTC buses from Kottarakkara to Kollur Mookambika and Bengaluru now sport striking Kathakali artwork on their rear. A unique initiative to showcase local art on public transport.