അഗ്രഗേറ്റർ ലൈസൻസ്: KSRTC-ക്ക് പുതിയ വെല്ലുവിളി, ദീർഘദൂര സർവീസുകളെ പ്രതികൂലമായി ബാധിക്കും

കോഴിക്കോട്: പ്രതിസന്ധികളിൽനിന്ന് കരകയറി പച്ചപിടിച്ചുതുടങ്ങുന്ന കെഎസ്ആർടിസിക്ക് അഗ്രഗേറ്റർ ലൈസൻസ് സമ്പ്രദായം വെല്ലുവിളിയാവുന്നു. പ്രത്യേക പെർമിറ്റില്ലാതെതന്നെ സ്റ്റേജ് കാര്യേജുകളുടെ സ്വഭാവത്തോടെ സർവീസ് നടത്താനുള്ള അനുമതിയാണിത്. കെഎസ്ആർടിസി ദീർഘദൂരസർവീസുകളെ ഇത് പ്രതികൂലമായി ബാധിക്കും.
അഗ്രഗേറ്റർ ലൈസൻസ് സമ്പ്രദായത്തിലൂടെ നൂറിലധികം ആഡംബരവാഹനങ്ങൾ ഉള്ളവർക്ക് പെർമിറ്റില്ലാതെ സ്റ്റേജ് കാര്യേജുകളുടെ സ്വഭാവത്തോടെ സർവീസ് നടത്താൻ കേന്ദ്രസർക്കാർ അനുമതിയുണ്ട്. 2019-ലെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ സ്വകാര്യവത്‌കരണത്തിന്റെ മറപിടിച്ചാണ് കേന്ദ്രസർക്കാർ മോട്ടോർവാഹന നിയമത്തിൽ വിവിധ ഭേദഗതികൾ കൊണ്ടുവന്നത്. ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ കമ്പനിക്കോ കോൺട്രാക്ട് കാര്യേജുകൾ വാടകയ്ക്കെടുത്ത് ഇപ്രകാരം സർവീസ് നടത്താനാവും.
നിലവിൽ ഗവൺമെന്റ് നിശ്ചയിക്കുന്ന നിരക്കനുസരിച്ച് യാത്രക്കാരെ കയറ്റിയിറക്കിപ്പോകുന്ന രീതിയിലും നിരക്കിലും ഇതോടെ മാറ്റംവരും. 22 സീറ്റുകളിൽ കൂടുതലുള്ള വാഹനങ്ങൾ എവിടെയും പെർമിറ്റില്ലാതെ ഓടിക്കാനാവും എന്ന സാഹചര്യമാണ് ഉണ്ടാവുക. ഇതുപ്രകാരം ജർമനി കേന്ദ്രീകരിച്ചുള്ള ഫ്ലിക്സ് പാസഞ്ചർ പ്രൈവറ്റ് സർവീസ് ഇന്ത്യയിലാദ്യമായി തിരുപ്പൂരിൽനിന്ന് ബെംഗളൂരിലേക്ക് ബസ് സർവീസ് തുടങ്ങിയിരുന്നു.
99 രൂപയായിരുന്നു ആദ്യം ഈടാക്കിയിരുന്നത്. മേഖലയിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് ഇത് ഏറെ ഭീഷണിയുയർത്തി. ക്രമേണ ഈ റൂട്ടിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർവീസുകൾ പിൻവാങ്ങേണ്ട അവസ്ഥയുണ്ടായി. ഇതോടെ അഗ്രഗേറ്റർ ലൈസൻസുള്ള വാഹനത്തിന്റെ ചാർജ് കൂട്ടി 650 രൂപയിലെത്തിച്ചു. ഈ സ്വകാര്യ കമ്പനി ഈയടുത്ത് കേരളത്തിലും സർവീസ് തുടങ്ങിയിട്ടുണ്ട്.
ബെംഗളൂരു-കൊച്ചി, മംഗളൂരു-തിരുവനന്തപുരം, ബെംഗളൂരു-തിരുവനന്തപുരം തുടങ്ങി കെഎസ്ആർടിസി നിലവിൽ ലാഭകരമായി ദീർഘദൂര സർവീസ് നടത്തുന്ന റൂട്ടുകളിലാവും അഗ്രഗേറ്റർ സർവീസ് ഏറെ വെല്ലുവിളി ഉയർത്തുക. അഗ്രഗേറ്റർ ലൈസൻസ് ഇല്ലാത്ത ആഡംബരവാഹനങ്ങൾക്കും ഇങ്ങനെ പെർമിറ്റില്ലാതെ ഓടാനാവുമോ എന്ന വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
Content Highlights: The new aggregator license system poses a significant challenge to KSRTC, potentially impacting its profitable long-distance bus services. Learn more about this new threat to public transport.