കോഴിക്കോട്-വയനാട് റൂട്ടിൽ പെർമിറ്റ് ലംഘിച്ച് സർവീസ്; KSRTC-യുടെ പരാതി,14 സ്വകാര്യബസുകൾക്കെതിരേ നടപടി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോടിനും വയനാടിനും ഇടയില്‍ സ്വകാര്യബസുകള്‍ പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തുന്നെന്ന പരാതിയില്‍ നടപടിയെടുത്ത് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ (ആര്‍.ടി.എ.). വയനാട് ആര്‍.ടി.എ. പതിനൊന്നും കോഴിക്കോട് ആര്‍.ടി.എ. മൂന്നും ബസുകള്‍ക്കുനേരേയാണ് നടപടിയെടുത്തത്. കെ.എസ്.ആര്‍.ടി.സി.യുടെ പരാതിപ്രകാരമാണ് നടപടി.

1986-ല്‍ റൂട്ടുകള്‍ ദേശസാത്കരിച്ചതിനെത്തുടര്‍ന്ന് വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്താണ് സ്വകാര്യബസുകള്‍ നിയന്ത്രിതമായി അനുവദിക്കാന്‍ തീരുമാനിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ റൂട്ടുകളെ ബാധിക്കാത്തവിധത്തില്‍ പലയിടങ്ങളില്‍നിന്നും റൂട്ടില്‍ വ്യതിയാനം വരുത്തിയാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത്.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇതില്‍ പല സ്വകാര്യബസുകളും ചട്ടലംഘനം നടത്തുന്നെന്നാണ് പരാതി. ഇതിനുപുറമേ കണ്‍സെഷന്‍ ടിക്കറ്റില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കല്‍, ഹ്രസ്വദൂരയാത്രക്കാരെ ഒഴിവാക്കല്‍, യാത്രക്കാരെ ഇന്റര്‍വ്യൂ നടത്തി പ്രവേശിപ്പിക്കല്‍ തുടങ്ങിയ പരാതികളാണ് കളക്ടര്‍ അധ്യക്ഷനും പോലീസ് സൂപ്രണ്ടും മോട്ടോര്‍വാഹനവകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും അംഗങ്ങളായ ആര്‍.ടി.എ. മുന്‍പാകെ ലഭിച്ചത്.

നേരത്തേ നിയമസഭാകമ്മിറ്റി ഇതില്‍ ഇടപെടുകയും വീഴ്ചകള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വയനാട് ആര്‍.ടി.എ. പതിനൊന്ന് സ്വകാര്യ ബസുകള്‍ക്കുനേരേ നടപടിയെടുത്തത്.

ഇതില്‍ ഓരോ നിയമലംഘനങ്ങള്‍ക്കും 7500 രൂപ വീതം പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പെര്‍മിറ്റ് റദ്ദാക്കാതിരിക്കണമെങ്കില്‍ ഓരോ ദിവസവും ആയിരം രൂപ പ്രത്യേക പിഴയും അടയ്ക്കണം. ഇതിനുപിന്നാലെയാണ് 24-ന് നടന്ന കോഴിക്കോട് ആര്‍.ടി.എ. യോഗം മൂന്ന് സ്വകാര്യബസുകള്‍ക്കുനേരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

Content Highlights: Private buses in Wayanad and Kozhikode fined for permit violations and other passenger issues.