കാറിൽ ഒരാൾ മാത്രമായി വന്നാൽ നടപടിയെടുക്കണം; വൈറലായി കമ്മിഷണർക്കുള്ള ഓട്ടോഡ്രൈവറുടെ കുറിപ്പ്

കോഴിക്കോട്: ''ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഷൗക്കത്തലി സാർ. ഞാൻ നാസർ, നഗരത്തിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണ്''.... ഇങ്ങനെ തുടങ്ങുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കാണുമ്പോൾ ആദ്യം ഒന്നുസംശയിക്കും പിന്നീട് വായിക്കും. അങ്ങനെ പോസ്റ്റ് വായിച്ചതാകട്ടെ ഒറ്റദിവസംകൊണ്ട് 7400 പേർ. 800-ഓളംപേർ പോസ്റ്റ് പങ്കുവെച്ചു.
1000-ത്തിലധികം കമന്റുകളാണ് പോസ്റ്റിനുകീഴിൽ പ്രത്യക്ഷപ്പെട്ടത്. പോലീസുദ്യോഗസ്ഥർ അടക്കം പോസ്റ്റിന് പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്. ഉള്ളടക്കം നിസ്സാരമെന്ന് തോന്നുമെങ്കിലും ഒന്നുചിന്തിച്ചാൽ മുച്ചക്രത്തിൽ ജീവിതം തള്ളിനീക്കുന്ന മനുഷ്യരുടെ വേദനതന്നെയാണ് ആ വരികളിൽ നിഴലിക്കുന്നത്. 'ഓണം അടുത്തുവരുന്നു, ഇപ്പോൾ ഉള്ളതിന്റെ പത്തുമടങ്ങ് ബ്ലോക്ക് അപ്പോഴുണ്ടാകും. ഇപ്പോൾ തന്നെ 30 രൂപ ഓട്ടം പോയാൽ 20 രൂപ ഇന്ധനത്തിന് പോകുന്ന സ്ഥിതിയാണ്.'
സാധാരണദിവസങ്ങളിൽപ്പോലും ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്ന നഗരത്തിൽ ഓണസമയത്തെ തിരക്ക് ചിന്തിക്കാവുന്നതേയുള്ളു. ''ഒരാഘോഷം വന്നാൽ സിറ്റിയിൽ ആളുകൾ വന്നുകൂടും നല്ല ഓട്ടവും കിട്ടും, പക്ഷേ ഓടാൻകഴിയില്ല, ഇത് കുറേനാളായി ഞങ്ങൾ അനുഭവിക്കുന്ന വേദനയാണ്''-പോസ്റ്റിൽ പറയുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നാസറിന് നിർദേശിക്കാനുള്ളത് നഗരത്തിനുള്ളിലേക്ക് ഒരാൾ മാത്രമായി വരുന്ന കാറുകൾക്ക് താത്കാലിക നിയന്ത്രണമെങ്കിലും ഏർപ്പെടുത്തണമെന്നാണ്.
നാസറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഷൗക്കത്തലി സാർ, എന്റെ പേര് നാസർ ഞാൻ കോഴിക്കോട് സിറ്റിയിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ 30 വർഷമായി കോഴിക്കോട് സിറ്റിയിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്നു. ഞാൻ നിങ്ങളുടെ ഫോട്ടോ വെച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം എന്റെയും എന്റെ സഹപ്രവർത്തകരുടെയും വേദനകൾ പറയാൻ വേണ്ടിയാണ് സാർ.
കോഴിക്കോട് സിറ്റിയിൽ ഓരോ ദിവസം തോറും വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ പല സ്ഥാപനങ്ങളും പല മാളുകളും സിറ്റിയിൽ വന്നതോടുകൂടി പല നാടുകളിൽ നിന്നും ആളുകൾ വരുന്നു. അവരിൽ നൂറിൽ 70% വും കാറുമായിട്ടാണ് വരുന്നത്. അവർക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ സിറ്റിയിൽ ഇല്ല. അതുകൂടാതെ 4337 സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ കോഴിക്കോട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അത് 7500 അടുത്തായി. അതുകൂടാതെ ഓൺലൈൻ ടാക്‌സികൾ കാറുകൾ, ഇതെല്ലാം കൂടി കോഴിക്കോട് സിറ്റിയിൽ നിറഞ്ഞു തുളുമ്പുകയാണ്. ഈ ഗതാഗതക്കുരുക്ക് പോലീസിന് നിയന്ത്രിക്കുന്നതിൽ ഒരു പരിധിയുണ്ട്.
സാർ ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം, ഓണം അടുത്തു വരുന്നു ഇപ്പോൾ ഉള്ളതിന്റെ പത്ത് മടങ്ങ് ബ്ലോക്ക് ഉണ്ടാകും ഓണം കഴിയുന്നതുവരെ എങ്കിലും. ഇതിന്റെ മുൻപ് ഉണ്ടായിരുന്ന കമ്മീഷണർ ചെയ്തത് പോലെ ബഹുമാനപ്പെട്ട ഷൗക്കത്തലി സാർ ചെയ്യണം. എങ്ങനെ എന്നല്ലേ, ഓണം അടുക്കുമ്പോൾ കാറിൽ ഒരാൾ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ഒരു ഓർഡർ പോലും ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ 30 രൂപയുടെ ഓട്ടം പോയാൽ 20 രൂപയുടെ ഇന്ധനം തീരുന്നു. ഈ സാഹചര്യത്തിൽ ബഹുമാനപ്പെട്ട സാർ ഒരു കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരായ ഞങ്ങളുടെ സ്ഥിതി വളരെ ദയനീയമായിരിക്കും സാർ. ഒരു ആഘോഷം വന്നാൽ സിറ്റിയിൽ ആളുകൾ വന്നു കൂടും നല്ല ഓട്ടം കിട്ടും, പക്ഷേ ഓടാൻ കഴിയില്ല.
ഇത് കഴിഞ്ഞ വർഷങ്ങളോളമായി ഞങ്ങൾ അനുഭവിക്കുന്ന വേദനകളാണ് ഞങ്ങൾക്ക് ബോണസ് തരാൻ ആരുമില്ല, അഡ്വാൻസ് തരാൻ ആരുമില്ല. ഞങ്ങൾ ഓട്ടോ ഓടിച്ച് കാശ് കിട്ടിയിട്ട് വേണം ഓണത്തിന് മക്കൾക്ക് ഡ്രസ്സ് വാങ്ങാനും മറ്റ് സാധനങ്ങൾ എല്ലാം വാങ്ങാനും. ഇത്രയും താഴ്മയോടെ കൂടി നിങ്ങളോട് പറയുന്നത് വേദന കൊണ്ടാണ് അത് മനസ്സിലാക്കാനുള്ള മനസ് സാർ കാണിക്കണം പാവങ്ങളായ ഞങ്ങളെ കൈവിടരുത് പ്ലീസ്...
Content Highlights: Kozhikode auto driver Nasser appeals to City Police Commissioner Shaukkathali over severe traffic block., Festivals like Onam worsen traffic, drastically reducing daily earnings for auto drivers., Single-occupancy cars entering the city center are blamed for worsening congestion., Drivers urge temporary traffic restrictions on cars to help auto drivers make a living during the festive season.