ലേണേഴ്‌സ് ക്ലാസ് നടത്തിപ്പിന് പുറംകരാർ നൽകി; പണപ്പിരിവ് നടത്തി സന്നദ്ധ സംഘടന

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് സൗജന്യപരിശീലനം നൽകാൻ മോട്ടോർവാഹനവകുപ്പ് ചുമതലപ്പെടുത്തിയ സന്നദ്ധ സംഘടന അപേക്ഷകരിൽ നിന്നും പണപ്പിരിവ് നടത്തി. കൊല്ലം, കരുനാഗപള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയ ട്രാക്ക് (ട്രോമ കെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ) എന്ന സന്നദ്ധസംഘടനയാണ് അപേക്ഷകരിൽ നിന്നും അനധികൃതമായി പണം ഈടാക്കിയത്. ലൈസൻസിന്റെ തരം അനുസരിച്ച് അപേക്ഷകരിൽ നിന്നും 100 രൂപമുതൽ 500 രൂപവരെ വാങ്ങിയിട്ടുണ്ട്.
മറ്റു ഓഫീസുകളിൽ ഉദ്യോഗസ്ഥർ നേരിട്ട് സൗജന്യ പ്രീലേണേഴ്സ് ക്ലാസ് നടത്തുമ്പോഴാണ് കൊല്ലം ഓഫീസിൽ സന്നദ്ധ സംഘടനയെ നിയോഗിച്ചത്. മോട്ടോർവാഹനവകുപ്പ് സ്വന്തമായി നടത്തേണ്ട കോഴ്സാണ് 2025 ഫെബ്രുവരിയിൽ പുറംകരാർ നൽകിയത്. മാസം 1500 ലേറേപേർ ഇവരുടെ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. ട്രാക്കിന്റെ കോഴ്സിൽ പങ്കെടുക്കണമെന്ന് മോട്ടോർവാഹവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചിരുന്നു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര പുനലൂർ, ഹെവി ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ട്രാക്കിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തു.
ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് പരിശീലനം നൽകാൻ ഗതാഗതവകുപ്പിന്റെ കീഴിലുള്ള ഡ്രൈവർ പരിശീലന സ്ഥാപനമായ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെ (ഐ.ഡി.ടി.ആർ) സഹസ്ഥാപനമായും ട്രാക്ക് പ്രവർത്തിക്കുന്നുണ്ട്. ഈ കോഴിസിന് ഐ.ഡി.ടി.ആർ നേരിട്ട് ഫീസ് ഈടാക്കുകയും സ്ഥാപനത്തിന് 40 ശതമാനം നൽകുകയുമാണ് ചെയ്യുന്നത്. അപേക്ഷകരിൽ നിന്നും ട്രാക്കിന് നേരിട്ട് ഫീസ് ഈടാക്കാൻ വ്യവസ്ഥയില്ല. ഈ കോഴ്സിനൊപ്പമാണ് പ്രീ ലേണേഴ്സ് ക്ലാസുകൾക്കും ട്രാക്കിനെ ചുമതലപ്പെടുത്തിയത്. ബൈക്കിന്റെയും കാറിന്റെയും ലൈസൻസ് എടുക്കുന്നവരിൽ നിന്നും പ്രീ ലേണേഴ്സ് ക്ലാസിന് ഉൾപ്പെടെ 1350 രൂപ മോട്ടോർവാഹനവകുപ്പ് ഫീസ് ഈടാക്കുണ്ട്. അതിനാൽ പുറമേ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്.
അപേക്ഷകർ ഏറെയുള്ള തിരുവനന്തപുരം ഓഫീസിൽ കിഴക്കേക്കോട്ടയിലെ ഓഡിറ്റോറിയത്തിൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടാണ് ക്ലാസ് എടുക്കുന്നത്. ഓഡിറ്റോറിയം സൗജന്യമായി വിട്ടുകിട്ടിയതാണ്. ക്ലാസെടുക്കാൻ ഇൻസ്പെക്ടർമാരെ നിയോഗിക്കുകയാണ് പതിവ്. അപേക്ഷകരിൽ നിന്നും ഫീസ് ഈടാക്കാറില്ല.
സൗജന്യമായി ക്ലാസ് നടത്തുന്നതിനാണ് സന്നദ്ധ സംഘടനയെ ചുമതലപ്പെടുത്തിയത്. അപേക്ഷകരിൽ നിന്നും പണം ഈടാക്കുന്നത് നിയമവിരുദ്ധമാണ്.
നാഗരാജു ചകിലം
(ഗതാഗത കമ്മിഷണർ)
എ.സി. ഹാൾ, പരീശീലകർക്കുള്ള പ്രതിഫലം എന്നിവയ്ക്കുള്ള ചെലവാണ് അപേക്ഷകരിൽ നിന്നും ഈടാക്കുന്നത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടില്ല.
രഘുനാഥൻനായർ
(പ്രസിഡന്റ്, ട്രാക്ക്)
Content Highlights: Volunteer organization TRAC collected unauthorized fees ranging from ₹100 to ₹500 for license training., MVD officials in Kollam and Karunagappally allegedly mandated TRAC certificates for applicants., Official government fees already cover training, making additional charges illegal., Contrast highlighted with Thiruvananthapuram MVD, where officials conduct free training.