ഇടി പരീക്ഷയിലും സൂപ്പര്‍സ്റ്റാര്‍; ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5സ്റ്റാർ നേടി കിയ സിറോസ്

photo:bncap
photo:bncap

കിയയുടെ ഇന്ത്യയിലെ രണ്ടാമത് കോംപാക്ട് എസ്.യു.വിയാണ് സിറോസ്. പ്രീമിയം ഡിസൈൻ, ശക്തമായ സുരക്ഷാ സംവിധാനങ്ങൾ, സെ​ഗ്മെന്റിൽ ലഭിക്കുന്ന മികച്ച ഫീച്ചറുകൾ എന്നീ കാരണങ്ങളാൽ ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. സെഗ്മെന്റിൽ ഇതിനോടകം തരംഗമാറാനും വാഹനത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ സ്വന്തം ഇടി പരീക്ഷയായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിങ്ങ് നേടി കരുത്ത് തെളിയിച്ചിരിക്കുകയാണ് സിറോസ്. 

മുതിർന്നവരുടെ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം എന്നിവയിൽ മികച്ച പ്രകടനമാണ് എസ്.യു.വി കാഴ്ചവെച്ചത്. മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 30.21 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.42 പോയിന്റും വാഹനം കരസ്ഥമാക്കി. മുന്നിൽനിന്നും വശങ്ങളിൽനിന്നും ഉൾപ്പടെയുള്ള നിർണായക ഇടി പരീക്ഷകളും സിറോസ് വിജയകരമായി പൂർത്തിയാക്കി. 

കിയയുടെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നാണ് സിറോസ്. അഡാസ് ലെവൽ 2 ഉൾപ്പെടെ വലിയ സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. ആറ് എയർബാഗുകൾ, ഹിൽ- സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ലെയിൻ- കീപ്പിങ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ തുടങ്ങിയവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.  

പനോരമിക് സൺറൂഫ്, റിക്ലൈൻ സംവിധാനമുള്ള പിൻ സീറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, പവർ ഡ്രൈവർ സീറ്റ്, വയർലെസ്സ് ചാർജർ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്, മൾട്ടിസോൺ ക്ലൈമറ്റ് കൺട്രോൾ, എ.സി. കൺട്രോൾ സ്‌ക്രീൻ, ഹർമൻ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 60:40 സ്പ്ലിറ്റ് സീറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ നീളുന്നു സവിശേഷതകൾ.  

118 ബിഎച്ച്പി പവറും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ എൻജിനാണ് പെട്രോൾ മോഡലിൽ കരുത്തേകുന്നത്. ആറുസ്പീഡ് മാനുവൽ, ഏഴുസ്പീഡ് ഡിസിടി. ഗിയർബോക്‌സുകളാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 114 ബിഎച്ച്പി പവറും 250 എൻഎം.ടോർക്കുമേകുന്ന 1.5 ലിറ്റർ എൻജിനാണ് ഡീസൽ മോഡലിന് കുതിപ്പേകുന്നത്. 

ആറുസ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളാണ് ഡീസൽ എൻജിനൊപ്പം നൽകിയിരിക്കുന്നത്. ഹ്യുണ്ടായ് വെന്യൂ, മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്.യു.വി. 3എക്സ്.ഒ. സ്‌കോഡ കൈലാഖ് തുടങ്ങിയ മോഡലുകളാണ് സിറോസിന്റെ എതിരാളികൾ.

Content Highlights: Kia Syros Achieves 5 Star Bharat NCAP Safety Rating