വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നായ വാഹന മോഡിഫിക്കേഷനിൽ അനിശ്ചിതത്വം തുടരുന്നു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിന് പിന്നാലെ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്ന് ഉറപ്പുനൽകി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ.
നിയമപരമായിട്ടുള്ളതും അംഗീകരിക്കാൻ സാധിക്കുന്നതുമായ മോഡിഫിക്കേഷനുകളുമായി മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു. നിയമം അംഗീകരിക്കുന്നത് അല്ലാതെ നിയമവിരുദ്ധമായി ഒരു സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസമാണ്, വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്.
പൊതുസുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരംമാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മോട്ടോർവാഹന നിയമം അനുസരിച്ച് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള വിവരങ്ങളിൽ വ്യത്യാസംവരുന്ന രീതിയിൽ വാഹനത്തിന് രൂപമാറ്റം വരുത്താനാകില്ല. അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർവാഹനനിയമത്തിനും വിധേയമായിരിക്കണമെന്നും കേന്ദ്രം അറിയിച്ചു.
പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളിൽ എന്തൊക്കെ മോടിപിടിപ്പിക്കൽ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതിനായി അഭിപ്രായസർവേക്ക് വകുപ്പിന്റെ സാമൂഹികമാധ്യമ പേജുകളിൽ ലിങ്കും പങ്കുവെച്ചിരുന്നു. വാഹന ഉടമ, ഡീലർ, മോഡിഫിക്കേഷൻ സ്ഥാപന ഉടമ, വാഹന നിർമാതാവ്, ഓഫ് റോഡ് അസോസിയേഷൻ എന്നിവർക്കെല്ലാം സർവേയിൽ പങ്കെടുക്കാം.
ഉപയോഗിക്കുന്ന വാഹനം ഏത്, എന്താവശ്യത്തിന് ഉപയോഗിക്കുന്നു തുടങ്ങിയ വിവരം നൽകണം. ആവശ്യമുള്ള മോഡിഫിക്കേഷൻ സംബന്ധിച്ച വിശദമായ ഓപ്ഷനുകളും ഗൂഗിൾ ഫോമിലുണ്ട്. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ നിയമാനുസൃതമായ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവായിരിക്കേ, വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനമേറ്റശേഷവും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
സർവേ ഉൾപ്പെടെയുള്ളവ നടത്തുന്നുണ്ടെങ്കിലും വാഹനപ്രേമികൾ ആഗ്രഹിക്കുന്ന വമ്പൻ ഇളവുകളൊന്നും ലഭിക്കാനിടയില്ല. നിർമാണ വേളയിലുള്ളതിനേക്കാൾ മാറ്റം വരുത്തുന്നത് കേന്ദ്രനിയമത്തിന് എതിരാണ്. ഇതിൽ ഇളവ് നൽകാനാകില്ല. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി രൂപവത്കരിച്ച സുപ്രീംകോടതി സമിതിയുടെ കർശന നിരീക്ഷണത്തിലാണ് കേരളം. ഇളവ് അനുവദിച്ചാൽ അതിൽ സമിതി ഇടപെടാനിടയുണ്ട്.
Content Highlights: Central government clarifies that states lack authority to approve major vehicle modifications., Kerala transport department seeking public opinion on permissible modifications., Strict adherence to Motor Vehicle Act required to ensure road safety., Supreme Court committee monitoring traffic safety and vehicle standards in Kerala., Conflict between UDF government election promises and central regulatory framework.