ബസ്സോട്ടം മുടങ്ങി ആഴ്ചകള്‍; കാഴ്ചക്കാരായി സർക്കാർ, നിരക്ക് 20 ശതമാനം കൂട്ടുമെന്ന് ഉടമകൾ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചെന്നൈ: പെര്‍മിറ്റ് നിബന്ധനകൾ ലംഘിച്ചുവെന്ന് കാണിച്ച് കേരള ഗതാഗതവകുപ്പ് കൂട്ടത്തോടെ പിഴ ചുമത്തിയതോടെ നിര്‍ത്തിവെച്ച കേരളത്തിലേയ്ക്കുള്ള അന്തഃസംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് രണ്ടാഴ്ചയായിട്ടും പുനരാരംഭിച്ചില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇരുസംസ്ഥാന സര്‍ക്കാരുകളും മുന്നോട്ടുവരണമെന്ന് ആള്‍ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഒബിഎ) പ്രസിഡന്റ് ഡോ. എ. അന്‍ബളകന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതിലൂടെ ഏറെ യാത്രക്കാര്‍ ദുരിതത്തിലായിട്ടുണ്ട്. സമരത്തെത്തുടര്‍ന്ന് ശബരിമല തീര്‍ഥാടകരുള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലായി.

കേരളത്തിന് നല്‍കേണ്ട നികുതിയെ ചൊല്ലി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസ് സര്‍വീസുകള്‍ ഈ മാസം ഏഴു മുതലാണ് നിര്‍ത്തിയത്. കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകള്‍ 10-നും സര്‍വീസ് നിര്‍ത്തി. ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെങ്കില്‍പോലും ഒരു സംസ്ഥാനത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സര്‍വീസ് നടത്താന്‍ മൂന്നു മാസത്തേക്ക് 2.50 ലക്ഷം രൂപയാണ് നികുതി അടയ്ക്കേണ്ടത്.

ഓള്‍ ഇന്ത്യ പെര്‍മിറ്റ് പ്രകാരം നിലവില്‍ കേന്ദ്ര സര്‍ക്കാരിന് നികുതി അടച്ച ശേഷമാണ് അന്തഃസംസ്ഥാന ബസ് സര്‍വീസ് നടത്തുന്നതെന്ന് ഡോ.എ.അന്‍ബളകന്‍ അറിയിച്ചു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും നികുതിവേണമെന്ന് ആവശ്യപ്പെടുകയാണ്. കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ മൂന്നു മാസത്തേക്ക് 2.50 ലക്ഷം രൂപ കേരള ഗതാഗത വകുപ്പിന് നികുതിയടയ്ക്കണം.

ഈ തുക അടയ്ക്കുകയാണെങ്കില്‍ ബസ് ടിക്കറ്റ് നിരക്ക് 20 ശതമാനം ഉയര്‍ത്തേണ്ടി വരുമെന്നും അന്‍ബളകന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി 230 ബസ് സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി 130 ബസ് സര്‍വീസുകളുണ്ട്.

സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന തമിഴ്നാട്ടിലെ 10 ശതമാനം സ്വകാര്യബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. തമിഴ്നാട് കര്‍ണാടകത്തിലേക്കുള്ള പ്രൈവറ്റ് ബസ് സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമായി 710 ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കും തിരിച്ചുമായി 410 ബസ് സര്‍വീസുകളുമുണ്ട്.

Content Highlights: Inter-state private bus services between Kerala and Tamil Nadu halted due to permit tax disputes. Thousands of passengers, including Sabarimala pilgrims, face hardship. Association calls for government intervention.