ഇത് കേരളത്തിന്റെ ലിഥിയം ബാറ്ററി; വാഹനബാറ്ററി ഗവേഷണരംഗത്ത് കേരളത്തിന്റെ കൈയൊപ്പ്

കേരളം സ്വന്തമായി വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപമായി. കേരളത്തിലെ മൂന്നു സാങ്കേതികസ്ഥാപനങ്ങള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ഇതിനുപിന്നില്‍. കെ-ഡിസ്‌കിന്റെ നേതൃത്വത്തിലാണ് കണ്‍സോര്‍ഷ്യം ഇലക്ട്രിക് വാഹനബാറ്ററിക്കുള്ള തദ്ദേശീയ സാങ്കേതികവിദ്യക്ക് രൂപംകൊടുത്തത്. തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനി അസംസ്‌കൃതവസ്തുവായ ലിഥിയം ടൈറ്റാനേറ്റ് ഓക്‌സൈഡ് (എല്‍.ടി.ഒ.) നല്‍കും. വി.എസ്.എസ്.സി. അതില്‍നിന്ന് ഇലക്ട്രോഡുകള്‍ നിര്‍മിക്കും.
വാഹനങ്ങളുടെ ബാറ്ററിക്കുവേണ്ട പവര്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സി ഡാക് വികസിപ്പിക്കും. ഇവരെല്ലാം ചേര്‍ന്ന കണ്‍സോര്‍ഷ്യം വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപം കഴിഞ്ഞദിവസം മുഖ്യമന്ത്രി പുറത്തിറക്കി. കുറഞ്ഞചെലവില്‍ കൂടുതല്‍ ശേഷിയുള്ളതും സുരക്ഷിതവുമായ വാഹനബാറ്ററിക്കുവേണ്ടിയുള്ള ഗവേഷണം ലോകമെമ്പാടും നടക്കുമ്പോള്‍ കേരളത്തിന്റെ ഈ രംഗത്തുള്ള ചെറിയ കാല്‍വെപ്പാണ് കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
2.3 വോള്‍ട്ടിന്റെ 20 എ.എച്ച്. (ആംപിയര്‍ അവര്‍) ബാറ്ററിയാണ് അടുത്തിടെ പുറത്തിറക്കിയത്. അതിവേഗചാര്‍ജ് ചെയ്യല്‍ സൗകര്യമുള്ള ബാറ്ററികൂടിയാണിത്. ടൈറ്റാനിയം കമ്പനിയില്‍നിന്ന് ലിഥിയം ടൈറ്റാനേറ്റ് ഓക്‌സൈഡ് യഥേഷ്ടം ലഭ്യമാവുമെന്നു തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സംരംഭത്തിന് തയ്യാറെടുത്തതെന്ന് കെ ഡിസ്‌കിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ഡിവിഷന്‍ കണ്‍സല്‍ട്ടന്റ് അശോക് കുമാര്‍ എ. 'മാതൃഭൂമി'യോടു പറഞ്ഞു.
''ചൈനയില്‍നിന്നാണ് ബാറ്ററിയുടെ ഘടകങ്ങളെല്ലാം ഇറക്കുമതിചെയ്യുന്നത്. ടൈറ്റാനിയം കമ്പനിയില്‍ ഉപോത്പന്നമായി ലഭിക്കുന്ന ലിഥിയം ടൈറ്റാനേറ്റ് ഓക്‌സൈഡില്‍നിന്ന് ലിഥിയം ഇലക്ട്രോഡുകള്‍ നിര്‍മിക്കാനാവുമോ എന്നാണ് നോക്കിയത്'' -അശോക് കുമാര്‍ പറഞ്ഞു.
ബാറ്ററി മാനേജ്മെന്റ് സംവിധാനം നിര്‍മിക്കുന്ന സി ഡാക്കിനുപുറമേ സാങ്കേതികരംഗത്തെ ഗവേഷണത്തിനായി തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിനുകീഴില്‍ സര്‍ക്കാര്‍ ആരംഭിച്ച ട്രസ്റ്റ് (ട്രിവാന്‍ഡ്രം എന്‍ജിനിയറിങ് സയന്‍സ് റിസര്‍ച്ച്) പാര്‍ക്കും ഇലക്ട്രിക് വെഹിക്കിള്‍ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ്. ചെറിയ പരിഷ്‌കാരങ്ങള്‍കൂടി നടത്തേണ്ടതുണ്ടെന്നും അതുകഴിഞ്ഞാല്‍ വാണിജ്യ ഉത്പാദനത്തിനായി സാങ്കേതികവിദ്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്നും അശോക് കുമാര്‍ വ്യക്തമാക്കി.
Content Highlights: Kerala technology company consortium develop electric vehicle battery technology, K-DISC