വീണ്ടും സ്‌കൂൾ ബസ് അപകടം; നിയമങ്ങൾ കാഴ്ചയ്ക്കോ? സ്വകാര്യവാഹനങ്ങളെ നിരീക്ഷിക്കണം

തിരുവനന്തപുരം: മുൻകരുതലുകളെടുക്കുന്നുവെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും സ്കൂൾ ബസ് അപകടങ്ങൾ തുടരുകയാണ്. ജൂണിൽ കിളിമാനൂർ വെള്ളല്ലൂരിൽ സ്കൂൾ ബസ് പാടത്തേക്കു മറിഞ്ഞ് 18 കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ജനുവരിയിൽ മടവൂരിൽ സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി അതേ ബസ് കയറി മരിച്ചു. തിങ്കളാഴ്ച വട്ടിയൂർക്കാവ് സെയ്ന്റ് സാന്താൾ സ്കൂളിനു മുന്നിലെത്തിയശേഷം തിരിക്കാൻശ്രമിക്കവേ ബസ് സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു.
പരിശോധന തുടരണം
സ്കൂൾക്കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ സർക്കാർ കാലാകാലങ്ങളിൽ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പിന്നീട് പരിശോധനകൾ നടക്കാറില്ല. സ്കൂൾ തുറക്കുന്ന സമയത്ത് ആദ്യദിവസങ്ങളിൽമാത്രമാണ് ചില പരിശോധനകൾ നടക്കുന്നത്.
സംസ്ഥാനത്ത് സർക്കാർ-സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ എത്തിക്കുന്നത് സ്കൂളുകളുടെ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ മാത്രമല്ല. ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവയിൽ പലതും നിയമാനുസൃതമല്ല ഓടുന്നത്. അനുവദനീയമായതിലും അധികം കുട്ടികളെ കയറ്റിയാണ് ചില വാഹനങ്ങളുടെയെങ്കിലും യാത്ര.
മിക്കപ്പോഴും ഇത് റോഡിൽ നിത്യ കാഴ്ചയാണ്. കുട്ടികളുടെ ബാഗ് തുടങ്ങിയവകൂടിയാകുമ്പോൾ വാഹനത്തിൽ വഹിക്കാൻ കഴിയുന്നതിന്റെ ഇരട്ടിയിലധികം ഭാരം ഉണ്ടാകുകയും അത് അപകടത്തിൽ കലാശിക്കുകയും ചെയ്യുന്നു.
സ്വകാര്യവാഹനങ്ങളെ നിരീക്ഷിക്കണം
സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവന്നാലും ഇവയുടെ ഫിറ്റ്‌നസ്, ഓടിക്കുന്ന ഡ്രൈവർമാർക്കുള്ള ട്രാഫിക് നിയമ അവബോധം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ട ചുമതല സ്കൂൾ അധികൃതർക്കുമുണ്ട്.
പോലീസും മോട്ടോർവാഹനവകുപ്പും സ്കൂൾ ബസ് ഡ്രൈവർമാർക്കായി നടത്തുന്ന ക്ലാസുകളിൽ സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ പലപ്പോഴും പങ്കെടുക്കാറില്ലെന്നാണ് പരാതി. സ്കൂൾ ബസ് ഡ്രൈവർമാരായി പ്രവർത്തിക്കാൻ കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം നിർബന്ധമാണ്. എന്നാൽ, ഇവയൊന്നും കൃത്യമായി നിരീക്ഷിക്കപ്പെടുന്നില്ല.
സുരക്ഷിത യാത്രയ്ക്ക് നാല്പതിലധികം നിയമങ്ങൾ
- നാല്പതിനടുത്ത് നിയമങ്ങളാണ് കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഈ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നില്ല
- സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് എന്നും സ്വകാര്യ വാഹനങ്ങളിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്നും നിർബന്ധമായി എഴുതണം
- പരമാവധി വേഗത-സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്റർ, മറ്റ് റോഡുകളിൽ 50 കിലോമീറ്റർ
- സീറ്റിങ് കപ്പാസിറ്റി നിർബന്ധമായും പാലിക്കണം. 12 വയസ്സിൽ താഴെയുള്ള കുട്ടികളാണെങ്കിൽമാത്രം ഒരു സീറ്റിൽ രണ്ടുപേർ. നിന്നുള്ള യാത്ര ഒരിക്കലും പാടില്ല
- ഓരോ ട്രിപ്പിലും യാത്രചെയ്യുന്ന കുട്ടികളുടെ വിശദാംശങ്ങൾ ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം
- വാഹനത്തിന്റെ പുറകിൽ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം
- സ്‌കൂളുകളിൽ വിദ്യാർഥികളുടെ യാത്രാമാർഗങ്ങൾ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ഇവ മോട്ടോർവാഹന, പോലീസ് വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനാ സമയത്ത് ഹാജരാക്കണം
- എമർജൻസി എക്‌സിറ്റ് സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണം. അത് വെള്ളപ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കണം
- സ്‌കൂൾ അധികൃതരോ പിടിഎ പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിന്റെ യാന്ത്രികക്ഷമതയും ഇടയ്ക്കിടെ പരിശോധിക്കണം
- സ്കൂൾ കാമ്പസുകളിലും കുട്ടികൾ കൂടിനിൽക്കുന്ന സന്ദർഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കർശനമായി തടയണം
Content Highlights: Recent school bus accidents in Kerala highlight ongoing safety issues despite regulations