ഓട്ടോ മുതല്‍ ആംബുലന്‍സ് വരെ; കേരള സര്‍ക്കാരിന്റെ സവാരി ആപ്പ് മള്‍ട്ടി മോഡലാകുന്നു, ഇനി പക്കാ പ്രൊഫഷണല്‍

കേരളാ സവാരി ടാക്‌സികള്‍ (ഫയൽ ചിത്രം)‌| Photo: Facebook/Kerala Savari
കേരളാ സവാരി ടാക്‌സികള്‍ (ഫയൽ ചിത്രം)‌| Photo: Facebook/Kerala Savari

പാലക്കാട്: ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയെ മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്ലിക്കേഷനായി വികസിപ്പിച്ചേക്കും. മെട്രോ, വാട്ടര്‍ മെട്രോ, ടൂറിസം, തീര്‍ഥാടനം, പ്രീ-പേയ്ഡ് ഓട്ടോ കൗണ്ടര്‍ തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിക്കാനാണ് ശ്രമം.

സര്‍ക്കാര്‍ നിരക്കുകള്‍ക്കനുസരിച്ച് ആംബുലന്‍സ് സേവനവും ഉള്‍പ്പെടുത്തും. ഇതിനായി വിവിധ വകുപ്പുകളുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍, സുരക്ഷിത യാത്രയൊരുക്കുന്നതിനായാണ് 2022-ല്‍ തൊഴില്‍വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള സവാരിക്ക് തുടക്കംകുറിച്ചത്.

ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഇടക്കിടെ തടസ്സപ്പെടുന്നത് യാത്രക്കാരില്‍ നിന്നുള്‍പ്പെടെ പരാതികളുയരാന്‍ ഇടയാക്കിയിരുന്നു. ന്യൂനതകളും പ്രശ്‌നങ്ങളും പരിഹരിച്ച് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഐടിഐ പാലക്കാടിന്റെ സാങ്കേതിക പിന്തുണയോടെ ഈവര്‍ഷം കേരള സവാരി 2.0 അപ്ലിക്കേഷന്‍ പുതിയ വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

നിലവില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരള സവാരി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കലും ലക്ഷ്യമിടുന്നുണ്ട്. മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്ലിക്കേഷനാവുന്നതോടെ, ടിക്കറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാവും.

അനുബന്ധ വാഹനങ്ങളുടെ സമയക്രമം കണ്ടെത്താനും കഴിയും. ആംബുലന്‍സ് സേവനങ്ങള്‍ക്കുള്‍പ്പെടെ, നിലവിലുള്ള സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി ഇന്‍ഗ്രേറ്റഡ് സംവിധാനവും നടപ്പാക്കാനാണ് ആലോചിക്കുന്നത്.

Content Highlights: Kerala Savari app is becoming multi-modal, integrating auto, ambulance, metro, water metro & more. Enjoy safe, affordable rides across Kerala. Get the new version 2.0!