കേരളത്തിൽ 1000 പേർക്ക് 0.4 ബസുകൾ, എണ്ണത്തിൽ കൂടി സ്വകാര്യ വാഹനങ്ങൾ; മെലിയരുത് പൊതുഗതാഗതം

#കെ.ജി. ദിലീപ് കുമാര്‍
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വകാര്യവാഹന ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്നതാണ് ആധുനിക കാഴ്ചപ്പാട്. 2022-ലെ സർവേപ്രകാരം സംസ്ഥാനത്ത് ആയിരം പേർക്ക് 0.4 ബസുകളാണുള്ളത്. കർണാടകത്തിൽ 3.9 ആണ്. 2008-10ൽ കേരളത്തിൽ 38,000 ബസുകളുണ്ടായിരുന്നത് ഇപ്പോൾ 13,000-ത്തിൽ താഴെയായി. 1.3 എന്ന ദേശീയ ശരാശരി കണക്കിലെടുത്താൽ സംസ്ഥാനത്ത് 45,500 ബസുകളെങ്കിലും വേണം.

ഈ കാലയളവിൽ കേരളത്തിലെ സ്വകാര്യവാഹനങ്ങളുടെ എണ്ണം 45 ലക്ഷത്തിൽനിന്നു മൂന്നിരട്ടിയായി. ഇരുചക്രവാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടനിരക്ക് ഉയരുന്നു. 2019-ലെ ദേശീയ ഗതാഗതനയത്തിൽ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് വിപുലമായ അധികാരമാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്. ഇതുപ്രകാരം സംസ്ഥാനത്തിന് സ്വന്തം പൊതുഗതാഗതനയം രൂപവത്കരിക്കാനായിട്ടില്ല.

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇന്നും കടലാസിലാണ്. സംസ്ഥാനത്തെ റോഡ് സുരക്ഷ ഏകോപിപ്പിക്കുന്നതിനായി 2007-ൽ റോഡ് സേഫ്റ്റി അതോറിറ്റി ആക്ട് കൊണ്ടുവന്നെങ്കിലും ചട്ടം രൂപവത്കരിച്ചിട്ടില്ല. മോട്ടോർവാഹന, പോലീസ്, പൊതുമരാമത്ത് വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. യാത്രകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് മറിച്ച് വാഹനങ്ങളെയല്ല എന്നതാണ് അധുനിക ഗതാഗതസങ്കല്പം. കുറഞ്ഞദൂരത്തേക്ക് സൈക്കിൾ, കാൽനടയാത്രകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് വികസിതരാജ്യങ്ങളുടെ നയം.

കോവിഡിനുശേഷം സ്വകാര്യവാഹനങ്ങളിലേക്ക് ചേക്കേറിയവരെ തിരിച്ചെത്തിക്കാൻ കൃത്യമായ ആസൂത്രണം വേണം. വിവിധ പൊതുഗതാഗത സംവിധാനങ്ങൾ കോർത്തിണക്കിയ ഫസ്റ്റ് മൈൽ-ലാസ്റ്റ് മേൽ കണക്ടിവിറ്റി, കൃത്യമായ ഇടവേളകളിലും രാത്രിയിലും സുസജ്ജമായ പൊതുഗതാഗസംവിധാനം, ചെലവുകുറവ്, സ്ത്രീസുരക്ഷിതത്വം, വൃത്തിയുള്ള ശൗചാലയങ്ങളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും, റോഡ്-റെയിൽ-ജല ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, ബുക്കിങ്ങിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ മാത്രമേ യാത്രക്കാരെ തിരിച്ചെത്തിക്കാൻ കഴിയൂ.

(എസ്.സി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ.)

Content Highlights: Drastic reduction of buses from 38,000 to under 13,000 since 2008., Private vehicle ownership tripled to 45 lakhs, increasing accident rates., Lack of coordination between Motor Vehicle, Police, and PWD departments., Need for integrated multi-modal transport and first-mile/last-mile connectivity., Urgent requirement for a state-specific public transport policy.