ഓൺലൈൻ ബൈക്ക് ടാക്‌സികൾ നിരത്തുകളിൽ നിറയെയുണ്ട്, എണ്ണവുംകണക്കും ഗതാഗതവകുപ്പിന് പോലും അറിയില്ല

കോഴിക്കോട്: ഓൺലൈൻ ബൈക്ക് ടാക്സി സംവിധാനം എല്ലാ ജില്ലകളിലും സജീവമായിട്ടും അവയുടെ മൊത്തം കണക്കോ ജില്ല തിരിച്ചുള്ള വിവരങ്ങളോ അറിയാതെ ഗതാഗത വകുപ്പ്. ആർ.ടി.ഒ.യുടെ പെർമിറ്റില്ലാതെ അനധികൃത ഓൺലൈൻ ടാക്‌സി സർവീസുകൾ സംസ്ഥാനത്ത് വ്യാപകമാണെന്ന പരാതിക്കിടെയാണ് കണക്കും മേൽനോട്ടവുമില്ലാതെയാണ് ഇത്തരം സർവീസുകളെന്ന വിവരം പുറത്തുവരുന്നത്.
മോട്ടോർ വാഹനവകുപ്പിൽനിന്ന് അഗ്രഗേറ്റർ ലൈസൻസ് നേടിയ ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കീഴിലാണ് സംസ്ഥാനത്ത് ഓൺലൈൻ ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നത്. രണ്ടിലുമായി ആയിരത്തിൽക്കൂടുതൽപേരുണ്ടെന്ന വിവരം മാത്രമാണ് ഗതാഗത കമ്മിഷണറേറ്റിലുള്ളത്. കൃത്യമായ വിവരം റാപ്പിഡോയും ഉബറും ഇതുവരെ നൽകിയിട്ടില്ല.
വാഹൻ വെബ്‌സൈറ്റ് വഴിയാണ് ഓൺലൈൻ ബൈക്ക് ടാക്സികൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നത്. എന്നിട്ടും എത്രപേരുണ്ടെന്ന കണക്കോ വിവരങ്ങളോ ഗതാഗതവകുപ്പിന്റെ പക്കലില്ല.
വെള്ളയല്ല; മഞ്ഞ ബോർഡ് വേണം
സാധരണ നമ്പർപ്ലേറ്റ് (വെള്ള) ഉള്ള ബൈക്കുകൾ ബൈക്ക് ടാക്സിയായി ഓടുന്നത് നിയമവിരുദ്ധമാണ്. നിരത്തിലുള്ളതിൽ വലിയൊരു വിഭാഗവും ഇങ്ങനെ നിയമവിരുദ്ധമായി ഓടുന്നവയാണ്. പലപ്പോഴും ഡ്രൈവർമാർക്കും ഇക്കാര്യമറിയില്ല.
ബൈക്ക് ടാക്സിയായി ഓടണമെങ്കിൽ ആർ.ടി.ഒ. ഓഫീസിൽ ഫീസടച്ച് കൺവേർഷൻ സർട്ടിഫിക്കറ്റ് നേടണം. ഒപ്പം ബൈക്കിന്റെ മറ്റുരേഖകളും കൃത്യമായിരിക്കണം. മഞ്ഞനമ്പർ പ്ലേറ്റോടെ മാത്രമേ ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് ഓടാനാകൂ. ഇതിനുവിരുദ്ധമായി സർവീസ് നടത്തിയാൽ 3000 മുതൽ 6000 വരെ പിഴയീടാക്കും.
ഡ്രൈവറേ കുടുങ്ങൂ
ഓൺലൈൻ ആപ്പുകളിൽ ഡ്രൈവറായി രജിസ്റ്റർ ചെയ്യുമ്പോൾ, ഉപയോഗിക്കുന്നത് ടാക്‌സി പെർമിറ്റുള്ള ബൈക്കാണോ എന്ന് ചോദിക്കില്ല. ഇതിൽ മാറ്റംവരുത്തണമെന്ന് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
വെള്ള നന്പർപ്ലേറ്റുള്ള ബൈക്കിൽ ടാക്‌സി സർവീസ് നടത്തിയാൽ, അത് കബളിപ്പിക്കലായേ കണക്കാക്കൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. ഡ്രൈവർക്കെതിരേ മാത്രമാണ് പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളുമെടുക്കാനാവും.
Content Highlights: Transport department lacks district-wise data and total count of online bike taxis., Uber and Rapido operate with aggregator licenses but have not provided exact driver counts., Bike taxis must use yellow number plates with conversion certificates from RTO., Using white number plate vehicles for bike taxis is illegal, attracting fines of 3000 to 6000 INR., Drivers face penalties and license cancellation for operating illegal white-plate bike taxis.