ഓരോ ഇടപാടിലും 70,000 മുതൽ ഒരുലക്ഷം രൂപവരെ കൈക്കൂലി, നിർമാണം പൂർത്തിയാകാത്ത 14 ബസുകൾക്ക് രജിസ്ട്രേഷൻ

തിരുവനന്തപുരം: നിർമാണം പൂർത്തിയാകാത്ത 14 ബസുകൾക്ക് വ്യാജരേഖയിൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ നൽകി. കൊല്ലം, തൊടുപുഴ, വൈക്കം, ഉഴവൂർ, തളിപ്പറമ്പ് ഓഫീസുകളിലെ ക്രമക്കേടാണ് പുറത്തുവന്നത്. ആർ.ടി.ഒ. മുതൽ ഓഫീസ് ജീവനക്കാർവരെ ഈ തിരിമറിയിൽ പങ്കാളികളാണ്. ഇതുസംബന്ധിച്ച് വിജിലൻസ്, വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൂടുതൽ ബസുകൾ ഇത്തരത്തിൽ രജിസ്‌ട്രേഷൻ നേടിയതായും സൂചനയുണ്ട്.
ഷാസി വാങ്ങിയശേഷം ബോഡി നിർമിച്ച് തയ്യാറാക്കുന്ന വാഹനങ്ങൾ സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് രജിസ്‌ട്രേഷനുമുൻപേ പരിശോധിക്കുന്നത്. പരിശോധനയിൽ വീഴ്ചയുണ്ടായാൽ സാങ്കേതികപ്പിഴവുള്ള വാഹനങ്ങൾ നിരത്തിലെത്താൻ സാധ്യതയുണ്ട്. ഇത് അപകടത്തിന് വഴിവെക്കും.
കൊല്ലം ഓഫീസിൽ ഫെബ്രുവരി 27, 28 ദിവസങ്ങളിൽ രജിസ്റ്റർചെയ്ത രണ്ടുബസുകൾ പരിശോധനയ്ക്ക് എത്തിയിരുന്നില്ല. ചാത്തന്നൂർ സബ് ഓഫീസിൽ ഫിറ്റ്‌നസ് പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന അസി. വെഹിക്കിൾ ഇൻസ്പെക്ടർ, കൊല്ലത്തുെവച്ച് ബസ് പരിശോധിച്ചെന്നാണ് റിപ്പോർട്ട് നൽകിയത്. ഇൻസ്പെക്ടർ അന്നേദിവസം കൊല്ലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെങ്കിലും ആർ.ടി.ഒ. റിപ്പോർട്ട് അംഗീകരിച്ച് രജിസ്‌ട്രേഷൻ നൽകി. നേരിട്ടുകാണാത്ത ബസിന്റെ അളവ് സഹിതമാണ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്. ബസിൽ ജി.പി.എസ്. ഘടിപ്പിച്ചതായും വ്യാജരേഖയുണ്ടാക്കി. ഒാരോ ഇടപാടിലും 70,000 മുതൽ ഒരുലക്ഷം രൂപവരെ കൈക്കൂലി ലഭിച്ചെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
മാർച്ചുമുതൽ ബസ് കോച്ച് നിർമാണത്തിന് പുതിയ മാനദണ്ഡം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് ബെംഗളൂരുവിലെ ഫാക്ടറിയിൽ നിർമാണത്തിലുള്ള ബസുകൾക്ക് രജിസ്‌ട്രേഷൻ നൽകിയത്.
ഫാക്ടറിയിൽ നിന്നുള്ള ഗേറ്റ് പാസ്, ബിൽ, ടോൾ രേഖ എന്നിവ പരിശോധിച്ചപ്പോഴാണ് രജിസ്‌ട്രേഷൻ നേടിയപ്പോൾ നിർമാണം പൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്.
Content Highlights: 14 incomplete buses received illegal registration from Kerala MVD offices., RTO officials and staff implicated in bribery and document forgery., Vigilance and departmental investigations are currently underway., The scam bypassed critical safety checks, posing significant road safety risks., Officials allegedly received bribes ranging from 70,000 to 1 Lakh per vehicle.