ട്രാഫിക് നിയമലംഘനം: പിഴയിടുന്നുണ്ട്, ആരും അടയ്ക്കുന്നില്ല, കെട്ടിക്കിടക്കുന്നത് 85 ലക്ഷം ചെലാനുകൾ

കൊല്ലം: കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോട്ടോർവാഹന വകുപ്പ് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചെലാൻ പിഴ ചുമത്തിയതിൽ സർക്കാരിനു പിരിഞ്ഞുകിട്ടിയത് മൂന്നിലൊന്നു മാത്രം. പിഴത്തുകയുടെ 64 ശതമാനത്തിലേറെയും കുടിശ്ശികയാണ്. പരിഷ്‌കരിച്ച പോർട്ടൽ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നു പറയുമ്പോഴും 85,51,151 ചെലാനുകൾ അയയ്ക്കാനാകാതെ സിസ്റ്റത്തിൽ കെട്ടിക്കിടപ്പുണ്ട്.
പിഴയീടാക്കലിനുള്ള സംവിധാനങ്ങൾ ഒട്ടും കാര്യക്ഷമമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റലായി ചെലാൻ തയ്യാക്കിയ ശേഷം തപാൽ വഴി നോട്ടീസ് അയയ്ക്കാൻ കഴിയാത്തതിനാലാണ് കുടിശ്ശിക കൂടിയത്. ജീവനക്കാരുടെ കുറവിനു പുറമേ കരാർപ്രകാരം ചെലാനുകൾ പ്രിന്റെടുത്ത് തപാൽ വഴി അയയ്ക്കുന്നതിനുള്ള തുക അനുവദിക്കാത്തതും ചെലാനുകൾ കെട്ടിക്കിടക്കാൻ കാരണമാണ്.
സ്‌ക്വാഡുകൾ സൃഷ്ടിക്കുന്ന ഇ-ചെലാനുകൾക്കുള്ള നോട്ടീസുകൾ തപാൽ വഴി അയയ്‌ക്കേണ്ടത് ഫീൽഡിൽ ജോലിചെയ്യുന്ന അതത് എം.വി.ഐ.മാരോ എ.എം.വി.ഐ.മാരോ ആണ്. ഇവരുടെ ജോലിഭാരം പരിഗണിച്ച് നിലവിൽ ഇത്തരം ജോലികൾക്കായി മിനിസ്റ്റീരിയൽ വിഭാഗത്തിലെ ക്ലർക്കുമാരെ താത്കാലികമായി നിയോഗിച്ചിട്ടുണ്ട്.
നോട്ടീസുകൾ കൃത്യമായി അയയ്ക്കാനാകാത്തതിനാൽ ഫോണുകളിൽ വരുന്ന എസ്.എം.എസിലൂടെ വേണം പിഴയെപ്പറ്റി വാഹന ഉടമകൾ അറിയാൻ. ഇത്തരം സന്ദേശങ്ങൾ വാഹന ഉടമകളുടെ ശ്രദ്ധയിൽപ്പെടുന്നതിനുള്ള സാധ്യത കുറവാണെന്നതു പരിഗണിച്ച് വാട്‌സാപ്പിലൂടെ അയയ്ക്കുന്നതും ആലോചനയിലാണ്.
കെൽട്രോൺ ഇതിനായി ശുപാർശ സമർപ്പിച്ചിരുന്നു. മോട്ടോർവാഹന വകുപ്പിന്റെ വാട്‌സാപ്പ് അധിഷ്ഠിത സേവനങ്ങളെല്ലാം ഏകോപിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐ.ടി. മിഷനും ശുപാർശ സമർപ്പിച്ചിട്ടുണ്ട്.
Content Highlights: Only one-third of traffic fines collected in the last three years., Over 64% of e-challan fines remain as outstanding arrears., 8.5 million e-challans are pending due to postal and staffing issues., MVD is considering WhatsApp-based notifications for better compliance., Technical and administrative bottlenecks hindering automated notice delivery.