മന്ത്രി പറഞ്ഞത് നടപ്പാക്കി MVD ഉദ്യോഗസ്ഥര്‍; പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു

കൊച്ചി: കേരളത്തിലെ വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഹോണുകള്‍ നശിപ്പിച്ചു. എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പരിശോധിച്ച് ഹോണുകള്‍ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു കളയണമെന്നുമായിരുന്നു കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇത് അക്ഷരംപ്രതി അനുസരിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഒക്ടോബര്‍ 20 തിങ്കളാഴ്ച പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത്. കൊച്ചിയില്‍ കമ്മട്ടിപ്പാടത്തെ ഒരു ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. എത്ര ഹോണുകള്‍ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറിയിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടിനടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനുപിന്നാലെയാണ് സംസ്ഥാനത്ത് ഉടനീളം വാഹനങ്ങളിലെ എയര്‍ ഹോണ്‍ ഒഴിവാക്കുന്നതിന് പരിശോധന നടത്താനും നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചത്.
അനുമതിയില്ലാതെ വയ്ക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേന കൈമാറണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരുന്നത്. ഒക്ടോബര്‍ 15,16 ദിവസങ്ങളിലെ കണക്ക് അനുസരിച്ച് എയര്‍ഹോണ്‍ ഉപയോഗിക്കുന്ന 422 വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. 8.21 ലക്ഷം രൂപ പിഴ ചുമത്തുകയും ഇതില്‍ 1.22 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് സ്‌ക്വാഡിനെയും കമ്മിഷണര്‍ രൂപവത്കരിച്ചിട്ടുണ്ട്. സ്‌ക്വാഡ് നടത്തുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ എയര്‍ഹോണ്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.
Content Highlights: Kerala Motor Vehicles Department destroys confiscated air horns with a road roller, strictly following Transport Minister K.B. Ganesh Kumar`s directive to curb illegal horn usage on vehicles.