പഴയ ടാക്സി കാറുകൾക്കും സ്പീഡ് ഗവർണർ, MVD സാക്ഷ്യപ്പെടുത്തി പരിവാഹനിലെത്തണം, വട്ടംചുറ്റി ഡ്രൈവർമാർ

ആലപ്പുഴ: എട്ടുവർഷം മുൻപ് രജിസ്ട്രേഷൻ കിട്ടിയ ചെറു ടാക്സിവാഹനങ്ങൾക്കും വേഗപ്പൂട്ട് (സ്പീഡ് ഗവർണർ) നിർബന്ധമാക്കിയതോടെ ഫിറ്റ്നസ് ടെസ്റ്റ് സങ്കീർണമായി. പുതിയ പരിഷ്കാരം കാരണം ടെസ്റ്റുകൾ വൈകുകയും പലർക്കും വാഹനം നിരത്തിലിറക്കാൻ കഴിയാതെയുമായി. പ്രതിസന്ധി രൂക്ഷമായതോടെ പരിഷ്കാരത്തിൽ അയവുവരുത്തിയെങ്കിലും ശാശ്വതപരിഹാരമായില്ല. മികച്ച ഓട്ടം ലഭിക്കുന്ന മണ്ഡലകാലത്ത് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ് വാഹനമുടമകൾ.
2017-നു മുൻപുള്ള വാഹനങ്ങൾക്ക് വേഗപ്പൂട്ട് വേണ്ടായിരുന്നു. എന്നാൽ, പുതിയ മാനദണ്ഡപ്രകാരം ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കാൻ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നുമായിരുന്നു നിർദേശം. ഈ നടപടികൾക്കുശേഷം വഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ അപ്ഡേഷൻ നടക്കാതായി. ഇതോടെ ടെസ്റ്റിനു വാഹനം ഹാജരാക്കാൻ ഉടമകൾ മടിച്ചു.
ഈ മാസം 17 മുതൽ വഹൻ പോർട്ടലിൽ പുതിയ അപ്ഡേഷൻ വന്നതോടെയാണു പ്രതിസന്ധി തുടങ്ങിയത്. 2017-നു മുൻപുള്ള ചെറു ടാക്സികൾക്കും സ്പീഡ് ഗവർണർ നിർബന്ധമായതോടെ ഫിറ്റ്നസ് പരിശോധനയ്ക്കെത്തിയ പലരും ടെസ്റ്റ് നടത്താതെ മടങ്ങി. മോട്ടോർവാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വേഗപ്പൂട്ടിന്റെ കാര്യത്തിൽ ഇതുവരെ കൃത്യമായ നിർദേശവും ലഭിച്ചിട്ടില്ല.
പ്രശ്നം ഗുരുതരമാകുകയും ടെസ്റ്റുകൾ മുടങ്ങുകയും ചെയ്തതോടെ വ്യാഴാഴ്ച രാവിലെ വീണ്ടും പഴയ രീതിയിൽ ടെസ്റ്റ് നടത്താനുള്ള അപ്ഡേഷൻ എത്തി. ഇതോടെ സ്പീഡ് ഗവർണർ ഘടിപ്പിക്കാതെ തന്നെ ടെസ്റ്റിനു ഹാജരാകാൻ ഉടമകൾക്കു സാധിച്ചു. ഇതു താത്കാലിക പരിഹാരമായെങ്കിലും വേഗപ്പൂട്ട് വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ടാക്സികൾക്ക് ആവശ്യക്കാരേറെയുള്ള സമയത്ത് സാങ്കേതിക കാരണങ്ങളാൽ ടെസ്റ്റ് വൈകുന്നത് ചെറു ടാക്സിമേഖലയ്ക്കു വലിയ തിരിച്ചടിയാണ്. വാഹന ഉടമകളെ മുൻകൂട്ടി അറിയിക്കാതെയുള്ള മാറ്റങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചേർത്തല താലൂക്ക് ഭാരവാഹി രതീഷ് ശിവരാജൻ പറഞ്ഞു.
Content Highlights: Mandatory speed governor rule for pre-2017 mini taxis created fitness test chaos in Kerala., Technical glitches on the Vahan portal delayed vehicle updates and testing procedures., Temporary relief arrived with reverted testing methods, but permanent clarity on speed governors is still awaited., The crisis heavily impacts taxi owners during the peak Sabarimala/Mandalakalam season.