ചെലവില്ലാതെ ഒന്നിന് 300 വച്ച് കിട്ടും, കുറഞ്ഞത് 200 കോടി, അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയതിലും സര്‍ക്കാരിന് ലോട്ടറി

#ബി. അജിത് രാജ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏര്‍പ്പെടുത്തുന്നതിന്റെ മറവില്‍ സര്‍ക്കാരിന് ലാഭക്കച്ചടവം. സര്‍ക്കാരിനോ, മോട്ടോര്‍വാഹനവകുപ്പിനോ പങ്കില്ലാത്ത പദ്ധതിയിലൂടെ കുറഞ്ഞത് 200 കോടി രൂപയെങ്കിലും ഖജനാവിലെത്തും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാഹന നിര്‍മാതാക്കളുടെ സംഘടന നികുതിയും ഘടിപ്പിക്കാനുള്ള ചെലവും സഹിതം കാറിന് 767 രൂപയ്ക്ക് നമ്പര്‍പ്ലേറ്റ് നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത് 1000 രൂപയാണ്. ഇതില്‍ 300 രൂപ സംസ്ഥാന സര്‍ക്കാരിനുള്ളതാണ്.

കാറിന് 300 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 100 രൂപയുമാണ് സര്‍ക്കാരിനുള്ള വിഹിതം. ഏറെക്കാലം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വിതരണത്തിന് കരാര്‍ നല്‍കിയത്.

നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുന്നതില്‍ മോട്ടോര്‍വാഹനവകുപ്പിന് ഇടപെടാനാകില്ല. അംഗീകൃത ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ തയ്യാറാക്കുന്ന നമ്പര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റാന്‍ കഴിയാത്ത വിധത്തില്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നത് ഡീലര്‍മാരാണ്. ഇതില്‍ മോട്ടോര്‍വാഹനവകുപ്പിന് ഒരു പങ്കുമില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ കേടാകുന്നതും സുരക്ഷാ മുദ്രണമുള്ളതിനാല്‍ വ്യാജമായി നിര്‍മിക്കാന്‍ കഴിയില്ലെന്നതുമാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന്റെ പ്രത്യേകത.

പുതിയ വാഹനങ്ങള്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാണ് ഇറങ്ങുന്നത്. 2019 ഏപ്രില്‍ ഒന്നിന് മുന്‍പ് രജിസ്ട്രര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കണം. ഏകദേശം ഒന്നരക്കോടി വാഹനങ്ങള്‍ക്കെങ്കിലും ഈ നിര്‍ദേശം ബാധകമാണ്.

അധിക തുക നല്‍കേണ്ട, നേരിട്ട് വാങ്ങാം

ഗതാഗതവകുപ്പിന്റെ ഇടപെടലില്ലാതെ കുറഞ്ഞ തുകയ്ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാനാകും. വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ (സിയാം) മേല്‍നോട്ടത്തില്‍ മെയ്ക്ക് മൈ എച്ച്എസ്ആര്‍പി എന്ന വെബ്സൈറ്റിലൂടെ നമ്പര്‍പ്ലേറ്റ് ഓര്‍ഡര്‍ ചെയ്യാം.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരം നല്‍കി ഉടമയ്ക്ക് സൗകര്യപ്രദമായ ഡീലറെ തിരഞ്ഞെടുക്കാം. ഓണ്‍ലൈനില്‍ പണം അടച്ച് ഡീലര്‍ഷിപ്പില്‍നിന്ന് നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാം. ഇരുചക്രവാഹനങ്ങള്‍ക്ക് 400- ഉം നാലുചക്രവാഹനങ്ങള്‍ക്ക് 700 രൂപയുമാണ് നികുതി ഒഴികെയുള്ള നിരക്ക്.

അതിര്‍ത്തി കടന്നാല്‍ പിഴ 3000

അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ 3000 രൂപവരെ പിഴ ചുമത്തുന്നുണ്ട്.

Content Highlights: Allegations of government profit from mandatory high-security number plates for old vehicles in Kerala. A scheme without direct government involvement could generate ₹200 crore.