വാഹന ഫിറ്റ്‌നസ് പരിശോധന വീണ്ടും ഓട്ടോമേറ്റഡ് ആകുന്നു; പൂട്ടിയതിലൂടെ പോയത് കോടികൾ

#പി. ദീപുകുമാര്‍
പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

കൊല്ലം: മോട്ടോർ വാഹന വകുപ്പ് വർഷങ്ങൾക്കു മുൻപ് ആരംഭിച്ച യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങൾ പൂട്ടിയിട്ടതിലൂടെ സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടം. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വീണ്ടും എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാനൊരുങ്ങുമ്പോഴും, മുൻപ് തുടങ്ങിയ കേന്ദ്രങ്ങളുടെ നഷ്ടത്തെപ്പറ്റി അന്വേഷണമില്ല.

സർക്കാർ പണം നൽകി നിർമിച്ച ശേഷം വർഷങ്ങളോളം പ്രവർത്തനരഹിതമായി കിടന്ന ട്രാക്കുകൾ നിലവിൽ നവീകരിക്കാനായി സ്വകാര്യ ഏജൻസികൾക്കു കൈമാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഡിസംബറോടെ തുടങ്ങുമെന്നു പ്രഖ്യാപിച്ച 28 വെഹിക്കിൾ ഫിറ്റ്‌നസ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ ഇവയും ഉൾപ്പെട്ടിട്ടുണ്ട്.

2019-ലെ മോട്ടോർ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പാറശ്ശാല, മുട്ടത്തറ, ഉഴവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, ചേവായൂർ, തോട്ടട, തളിപ്പറമ്പ്, ബേല എന്നിവിടങ്ങളിൽ നിർമിച്ച യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങളും ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കുകളുമാണ് വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നത്.

തൃപ്പൂണിത്തുറ, തളിപ്പറമ്പ്, ബേല എന്നിവിടങ്ങളിലെ പരിശോധനാകേന്ദ്രങ്ങളുടെയും ട്രാക്കുകളുടെയും നിർമാണത്തിനായി 11.86 കോടി രൂപയാണ് പ്രോജക്ട് കൺസൾട്ടന്റായ കിറ്റ്‌കോയ്ക്കു നൽകിയത്. കെൽട്രോണിനായിരുന്നു യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങളുടെ ചുമതല. പ്രവർത്തനച്ചെലവിനും ശമ്പളത്തിനുമുള്ള തുക നൽകാത്തതിനാൽ 2024 മാർച്ചോടെ ആറ് സ്ഥാപനങ്ങൾ പൂട്ടി.

സ്ഥാപനങ്ങൾ തുടർന്ന് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതിനെപ്പറ്റി വ്യക്തമായ വിശദീകരണം വകുപ്പിലെ ഉദ്യോഗസ്ഥർക്കില്ലെന്ന് ഭരണപരിഷ്‌കാര വകുപ്പ് തയ്യാറാക്കിയ പ്രവൃത്തിപഠന റിപ്പോർട്ടിൽ പറയുന്നു. ഇതിലെ സാമ്പത്തികനഷ്ടത്തിൽ അന്വേഷണം നടത്താനും റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു. കോടികളുടെ അത്യാധുനിക സംവിധാനങ്ങളാണ് ഈ കേന്ദ്രങ്ങൾ പൂട്ടിയിട്ടതു മൂലം ഉപയോഗശൂന്യമായത്. എന്നാൽ, പദ്ധതിയെക്കുറിച്ച് ഇതുവരെ ഒരന്വേഷണവും നടത്തിയിട്ടില്ല.

സർക്കാർ പുതുതായി പ്രഖ്യാപിച്ചതിൽ ആദ്യത്തെ യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രം ഈ മാസം പൂയപ്പള്ളിയിലാണ് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ആദ്യത്തെ വാഹനത്തിന്റെ പരിശോധന നടന്നു. ഓണത്തിനു ശേഷം കേന്ദ്രം പൂർണമായും പ്രവർത്തനസജ്ജമാകും.

Content Highlights: Automated vehicle fitness testing centers are being restarted across Kerala districts., Previous closure of state-funded testing tracks resulted in crores of rupees in losses., Renovation and operations of these tracks are now handed over to private agencies., New automated testing stations like the one in Pooyappally are rolling out ahead of the December deadline.