AI ക്യാമറയ്ക്ക് പൊക്കം കൂടി, രക്ഷപ്പെട്ട് ചെറുവാഹനങ്ങള്‍; ക്യാമറക്കണ്ണിൽ പെടാതെ നിയമലംഘനങ്ങള്‍

റോഡിലെ നിയമലംഘനം പിടികൂടാനായി സ്ഥാപിച്ച എഐ ക്യാമറകള്‍ എല്ലാ കുഴപ്പങ്ങളും കാണുന്നില്ല. ക്യാമറയുടെ ഉയരവും സ്ഥാനവും അനുസരിച്ച് പലതരം വാഹനങ്ങളും ഒഴിവാക്കപ്പെടുന്നു. അധിക വെളിച്ചമോ വലിയ വാഹനങ്ങളുടെ മറയോ ക്യാമറയുടെ കാഴ്ച തടസ്സപ്പെടുത്തുമ്പോഴും നിയമലംഘനങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പലര്‍ക്കും ഈ പോരായ്മയെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും പെട്ടെന്ന് തിരുത്താനാവാത്ത സ്ഥിതിയാണ്.
ക്യാമറകള്‍ നല്‍കിയ കെല്‍ട്രോണിനു മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകു. രണ്ടും മൂന്നും വാഹനങ്ങള്‍ ഒരുമിച്ച് കടന്നുപോകുമ്പോഴാണ് നിയമലംഘനം രേഖപ്പെടുത്താതെ പോകുന്ന ഒരു സന്ദര്‍ഭം. കൂടാതെ വലിയ വെളിച്ചം വരുമ്പോഴും ക്യാമറ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കടുത്ത വെയിലില്‍ ദൃശ്യം പതിയാത്ത സ്ഥിതിയുമുണ്ട്.
ഒരു നിശ്ചിത സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ നേരില്‍ നടത്തിയ പരിശോധനയില്‍ ഇരുചക്രവാഹനങ്ങളുടെ 25- ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ ഏഴെണ്ണം മാത്രമാണ് എഐ ക്യാമറയില്‍ പതിഞ്ഞിരുന്നത്. ഓട്ടോഡ്രൈവറുടെ ഫോണ്‍ ഉപയോഗം പോലുള്ള നിയമലംഘനം നടക്കുന്നുണ്ട്. ക്യാമറകളുടെ കൃത്യത കാലം കഴിയുംതോറും കൂടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സീറ്റ് ബെല്‍റ്റ്, മൊബൈല്‍ഫോണ്‍ ഉപയോഗം തുടങ്ങിയവ കൂടുതലായിട്ടും ലോറിയും ബസും പോലുള്ളവയിലെ നിയമലംഘനങ്ങള്‍ നാമമാത്രമായാണ് ക്യാമറയില്‍ പെടുന്നത്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഉയരത്തിനനുസരിച്ച് ടെമ്പോകള്‍ മാത്രമാണ് ഇതില്‍ പെടുന്നത്. പോലീസ് ജീപ്പിലെയും ആംബുലന്‍സിലെയും നിയമലംഘനം വരെ പിടികൂടുമ്പോഴാണ് വലിയവാഹനങ്ങള്‍ രക്ഷപ്പെടുന്നത്.
ക്യാമറകള്‍ ഉയരം കൂട്ടിവെച്ചാല്‍ ചെറുവാഹനങ്ങള്‍ രക്ഷപ്പെടുകയും ചെയ്യും. 232 കോടിരൂപ ചെലവിട്ടാണ് കേരളത്തിലെ റോഡുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. 732 ക്യാമറകളാണ് സ്ഥാപിച്ചത്. ഒന്നരവര്‍ഷം കൊണ്ട് അമ്പതുലക്ഷം ആളുകളില്‍നിന്നായി 161 കോടി രൂപയാണ് വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത്.
Content Highlights: Kerala AI traffic cameras miss many violations due to placement-lighting and vehicle size