AI ക്യാമറയോടുള്ള പേടിപോയി, 1000 കോടി പിഴയിട്ടിട്ടും ആരും അടയ്ക്കുന്നില്ല, കിട്ടാനുള്ളത് 635 കോടി രൂപ

#Auto Desk
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ഒറ്റപ്പാലം: മോട്ടോർവാഹനവകുപ്പിന്റെ സേഫ് കേരള പദ്ധതിപ്രകാരം എ.ഐ. ക്യാമറകളിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക 1000 കോടി കടന്നു. സംസ്ഥാനത്താകെ സ്ഥാപിച്ച 675 എ.ഐ. ക്യാമറകളിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങൾക്കാണ് ഈ തുക.

മൂന്നുവർഷത്തിൽ ഒന്നരക്കോടിയോളം പേർക്കെതിരേയാണ് ഇത്രയും തുക ചുമത്തിയത്. ഇതിൽ 365 കോടി രൂപ മാത്രമാണ് പിഴയൊടുക്കിയിട്ടുള്ളത്. എന്നാൽപോലും പദ്ധതിച്ചെലവിനേക്കാൾ ഒന്നരയിരട്ടി അധികം തുക പിഴയിനത്തിൽ ലഭിച്ചെന്നാണ് മോട്ടോർവാഹനവകുപ്പും പദ്ധതിച്ചുമതലയുള്ള കെൽട്രോൺ അധികൃതരും പറയുന്നത്.

2023 ജൂൺമുതലാണ് സംസ്ഥാനത്തെ എ.ഐ. ക്യാമറകൾ നിയമലംഘനങ്ങളുടെ നിരീക്ഷണം തുടങ്ങുന്നത്. 220 കോടിയോളം രൂപ ചെലവഴിച്ചായിരുന്നു പദ്ധതി തുടങ്ങിയത്. ജൂലായ്മുതൽ പിഴ ഇ-ചലാനായി നൽകാൻ തുടങ്ങി. മൂന്നുവർഷത്തിനുശേഷം ഇപ്പോഴും ക്യാമറകൾ നിയമലംഘനങ്ങൾ കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം 78 കോടി രൂപയാണ് പിഴചുമത്തിയത്.

മേയ് വരെ 922 കോടി രൂപയായിരുന്നു പിഴത്തുക. ആളുകൾ കരുതലോടെ വാഹനമോടിച്ചുതുടങ്ങിയപ്പോൾ 15 മുതൽ 20 ശതമാനംവരെ അപകടമരണങ്ങൾ കുറയ്ക്കാൻ സാധിച്ചെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ വിലയിരുത്തൽ.

ഏഴുശതമാനംവരെ വാഹനങ്ങളുടെ തോതുകൂടിയപ്പോഴാണ് അപകടമരണനിരക്ക് കുറയ്ക്കാനായതെന്നും അധികൃതർ പറയുന്നു. എന്നാൽ, പിഴയിനത്തിൽ ഇനിയും 635 കോടി രൂപ അടയ്ക്കാനുണ്ട്. ഈ തുകകൂടി കണ്ടെത്താൻ ആംനെസ്റ്റി സ്‌കീമുൾപ്പെടെ നടപ്പാക്കിയെങ്കിലും പൂർണമായും വിജയിച്ചില്ല.

Content Highlights: AI cameras in Kerala have crossed 1000 crore rupees in total fines issued over three years., Only 365 crore rupees has been collected so far, with 635 crore rupees still pending., Road accident fatalities decreased by 15 to 20 percent due to stricter monitoring., The Safe Kerala project was implemented with an initial cost of around 220 crore rupees.