എ.ഐ. ക്യാമറയ്ക്ക് 'പരിക്ക് 'പറ്റിയാല്‍ കെല്‍ട്രോണ്‍ തൊടില്ല; പകരം ക്യാമറ വെക്കാനില്ലാതെ എം.വി.ഡി

പ്രതീകാത്മക ചിത്രം| Photo: Mathrubhumi
പ്രതീകാത്മക ചിത്രം| Photo: Mathrubhumi

ണ്ടിയിടിച്ച് 'പരിക്ക്' പറ്റിയാല്‍ എ.ഐ. ക്യാമറകള്‍ക്ക് അറ്റകുറ്റപ്പണിയില്ല. റോഡില്‍ നിയമം ലംഘിച്ചവരുടെ പടം പിടിച്ച് പിഴയിടുന്ന മോട്ടോര്‍വാഹനവകുപ്പിനാണ് ഈ സ്ഥിതി. എ.ഐ. ക്യാമറയുടെ സാങ്കേതികത്വവും പരിപാലനച്ചുമതലയും കെല്‍ട്രോണിനാണെങ്കിലും അറ്റകുറ്റപ്പണി ചെയ്യില്ല. വണ്ടി ഇടിച്ചതാണെങ്കില്‍ കേസ് നടത്തി വാഹന ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. 

തകരാറിലായ ക്യാമറകള്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറയുന്നു. സംസ്ഥാനത്തെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണുള്ളത്. വണ്ടി ഇടിച്ചും മറ്റും ജില്ലകളില്‍ രണ്ടുമുതല്‍ നാലുവരെ ക്യാമറകള്‍ കേടായിക്കിടക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളാണുള്ളത്. അതില്‍ 46 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടി ഇടിച്ച് തകരാറിലായത് ഉള്‍പ്പെടെ നാല് ക്യാമറകള്‍ പ്രവൃത്തിക്കുന്നില്ല. 

എറണാകുളത്ത് 64-ല്‍ രണ്ടും കാസര്‍കോട് 48-ല്‍ രണ്ടെണ്ണവും തകരാറിലാണ്. തകരാറിലായ ക്യാമറകള്‍ അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. എല്ലാ ജില്ലയിലും ഒന്നോ രണ്ടോ ക്യാമറകള്‍ തകരാറിലായിട്ടുണ്ട്. തകരാറിലായവയുടെ എണ്ണം കുറവായതിനാല്‍ സര്‍ക്കാര്‍ ഇത് ഗൗരവമായെടുത്തിട്ടില്ല. ഇടിച്ച വാഹനത്തിന്റെ ഉടമയുമായി കേസ് നടത്തുകയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. കേസ് നടത്തി നഷ്ടപരിഹാരം ഈടാക്കാന്‍ കാലതാമസം വരുമെന്നതും തിരിച്ചടിയാണ്.

ദേശീയപാതയിലെ ക്യാമറകള്‍ ഊരിവെച്ചു

ദേശീയപാത-66 പ്രവൃത്തി നടക്കുന്നതിനാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ദേശീയപാതകളിലെ ക്യാമറകള്‍ ഊരിവെച്ചു. റോഡില്‍ അതിവേഗക്കാരെ പിടിക്കുന്ന കേരള മോട്ടോര്‍വാഹനവകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറകളാണ് പ്രവര്‍ത്തിക്കാത്തത്. മറ്റു ജില്ലകളില്‍ പ്രവൃത്തി നടക്കുന്നതിനനുസരിച്ച് ക്യാമറ ഊരിവെക്കാനാണ് നിര്‍ദേശം.

കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതയിലെ പത്തോളം ക്യാമറകള്‍ ഊരിവെച്ചു. പുതിയ പാത വന്നതിനുശേഷം മാത്രമേ ഇത് പുനഃസ്ഥാപിക്കൂ. എന്നാല്‍ പിലാത്തറ-കണ്ണൂര്‍ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ മോട്ടോര്‍വാഹനവകുപ്പ് സ്പീഡ് ക്യാമറ വെക്കാത്തത് തിരിച്ചടിയാണ്. കെ.എസ്.ടി.പി. റോഡില്‍ വേഗപരിധി മറികടന്നാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. ദേശീയപാതയിലെ വേഗക്കുറവ് പരിഹരിക്കുന്നത് ഈ റോഡില്‍ അമിത വേഗത്തില്‍ പോയാണ്.

Content Highlights: Keltron did not repair if AI Camera got damaged, mvd has no camera to replace it