പനോരമിക് വിന്‍ഡോ, 40 ബര്‍ത്തുകള്‍; യാത്രയുടെ ആഘോഷം ഒരുക്കാന്‍ അംബാരി ഉത്സവ് ബസുകള്‍

സുഖകരവും സുരക്ഷിതവുമായ യാത്ര സമ്മാനിക്കുന്ന മള്‍ട്ടി ആക്സില്‍ വോള്‍വോ എ.സി. സ്ലീപ്പര്‍ ബസ്സുകള്‍ (അംബാരി ഉത്സവ്) കര്‍ണാടക ആര്‍.ടി.സി. പുറത്തിറക്കി. ആദ്യഘട്ടത്തില്‍ 15 ബസ്സുകള്‍ പുറത്തിറക്കിയതില്‍ എട്ടെണ്ണവും കേരളാ സെക്ടറിലേക്ക് സര്‍വീസ് നടത്തും. വിധാന്‍ സൗധയ്ക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസ്സുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. റവന്യു മന്ത്രി ആര്‍. അശോക പങ്കെടുത്തു.
ബുക്കിങ് തുടങ്ങി
ഈ മാസം 24 മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. എറണാകുളത്തേക്ക് രണ്ടു ബസ്സുകളും തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതവും ഉണ്ടാകും. എറണാകുളത്തേക്കും തൃശ്ശൂരിലേക്കുമുള്ള ബസ്സുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. എറണാകുളത്തേക്ക് 1,700 രൂപയും തൃശ്ശൂരിലേക്ക് 1600 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കേരളത്തിലേക്കുള്ള ബസ്സുകള്‍ ശാന്തിനഗറില്‍ നിന്നാകും പുറപ്പെടുക. കുന്ദാപുര - ബെംഗളൂരു, മംഗളൂരു - പുണെ, ബെംഗളൂരു - സെക്കന്ദരാബാദ്, ബെംഗളൂരു - ഹൈദരാബാദ്, ബെംഗളൂരു - പനാജി എന്നീ റൂട്ടുകളിലും അംബാരി ഉത്സവ് ബസ്സുകള്‍ സര്‍വീസ് നടത്തും. നിലവില്‍ കേരളത്തിലേക്ക് ഒരു മള്‍ട്ടി ആക്സില്‍ വോള്‍വോ എ.സി. സ്ലീപ്പര്‍ ബസ് മാത്രമാണ് കര്‍ണാടക ആര്‍.ടി.സി. സര്‍വീസ് നടത്തുന്നത്. തീവണ്ടി യാത്ര പോലെ ക്ഷീണമില്ലാതെ ബസില്‍ സഞ്ചരിക്കാനാകും.
എറ്റവും പിന്നിലെ സീറ്റാണെങ്കില്‍ പോലും സൗകര്യങ്ങള്‍ക്ക് കുറവില്ല. നിലവില്‍ 15 വോള്‍വൊ മള്‍ട്ടി ആക്സില്‍ ബസ്സുകളാണ് പുറത്തിറക്കിയത്. ഘട്ടംഘട്ടമായി ഇത്തരം 50 ബസ്സുകള്‍ ഇറക്കാനാണ് കര്‍ണാടക ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ കര്‍ണാടക ആര്‍.ടി.സി. ദിവസേന 8,000 സര്‍വീസുകള്‍ നടത്തുകയും 28 ലക്ഷം കിലോമീറ്റര്‍ പിന്നിടുകയും ചെയ്യുന്നുണ്ട്. 'യാത്രയുടെ ആഘോഷം' എന്ന ടാഗ് ലൈനിലാണ് ബസ്സുകള്‍ പുറത്തിറക്കിയത്. പൊതുജനങ്ങളാണ് ഈ ടാഗ് ലൈന്‍ തിരഞ്ഞെടുത്തത്.
ബസ് സമയം
• ബെംഗളൂരു - എറണാകുളം: രാത്രി 8.15, രാത്രി പത്ത്, ബെംഗളൂരു - തിരുവനന്തപുരം: വൈകിട്ട് 4.15, ബെംഗളൂരു - തൃശ്ശൂര്‍: രാത്രി 8.30.
• എറണാകുളം - ബെംഗളൂരു: വൈകിട്ട്് 6.30, രാത്രി 7.15, തിരുവനന്തപുരം - ബെംഗളൂരു: വൈകിട്ട്് നാല്, തൃശ്ശൂര്‍ - ബെംഗളൂരു: രാത്രി 8.15.
പ്രത്യേകതകള്‍
• 15 മീറ്റാണ് ബസ്സിന്റെ നീളം. വീതി 2.6 മീറ്ററും ഉയരം നാലു മീറ്ററും
• യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി കിടക്കാനും ഇരിക്കാനും സാധിക്കുന്ന 5.9 അടിയുള്ള 40 ബര്‍ത്തുകള്‍
• സ്‌കാന്‍ഡിനേവിയന്‍ മാതൃകയില്‍ നിര്‍മിച്ച ബസ്, യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും നല്‍കുന്നു
• പനോരമിക് ജനലുകള്‍ യാത്രക്കാര്‍ക്ക് നല്ല പുറം കാഴ്ച നല്‍കും
Content Highlights: Karnataka RTC introduce new volvo sleeper buses, Three services to Kerala, Ambari Uthsav