ബൈക്കിന് കോൺട്രാക്ട് കാരേജ് പെർമിറ്റ്, ടാക്‌സിയായി രജിസ്‌ട്രേഷൻ; ബൈക്ക് ടാക്‌സി ഇനി ലീഗലാണ്

#Auto Desk
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

ബെംഗളൂരു: ബൈക്ക് ടാക്‌സി സർവീസുകൾക്ക് അനുമതി നൽകി കർണാടക ഹൈക്കോടതി. മോട്ടോർവാഹന നിയമപ്രകാരം ബൈക്കുകൾ ട്രാൻസ്‌പോർട്ട് വാഹനങ്ങളായി രജിസ്റ്റർചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. അവയ്ക്ക് കോൺട്രാക്ട് കാരേജ് പെർമിറ്റുകൾ നൽകാൻ ഗതാഗതവകുപ്പിനോട് നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഊബർ, റാപ്പിഡോ, ഒല എന്നീ ഓൺലൈൻ ടാക്‌സി സർവീസുകൾ നടത്തുന്ന കമ്പനികൾ, ബൈക്ക് ടാക്‌സി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ, തുടങ്ങിയവർ സമർപ്പിച്ച അപ്പീലിലാണ് വിധി.

ബൈക്ക് ടാക്‌സി സർവീസുകൾ നടത്തുന്നതിൽനിന്ന് റാപ്പിഡോ, ഒല, ഊബർ എന്നിവയെ കഴിഞ്ഞവർഷം ഏപ്രിലിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മോട്ടോർവാഹന നിയമത്തിലെ 93-ാം വകുപ്പ് പ്രകാരമുള്ള മാർഗനിർദേശങ്ങൾക്ക് സംസ്ഥാന സർക്കാർ രൂപംനൽകാതെ ബൈക്ക് ടാക്‌സികൾക്ക് പ്രവർത്തിക്കാനാവില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.

ബൈക്ക് ടാക്‌സി ലൈസൻസുകൾ അനുവദിക്കാനാവില്ലെന്ന സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലുകൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ബൈക്ക് ടാക്‌സി നടത്തുന്ന ബൈക്ക് ഉടമകളുടെ പേരിൽ നടപടിയെടുക്കരുതെന്ന് കഴിഞ്ഞവർഷം ഓഗസ്റ്റിൽ നിർദേശം നൽകിയിരുന്നു.

Content Highlights: Karnataka High Court rules bike taxis legal under Motor Vehicles Act. Transport registration and contract carriage permits are now allowed.