മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ട് ദിവസങ്ങൾ ആയില്ല; അതേ റോഡിൽ വീണ്ടും അഭ്യാസം, ഡ്രൈവറെ തൂക്കി MVD

കാക്കനാട്: സമയം അർധരാത്രി...റോഡ് വിജനം...സ്റ്റിയറിങ് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് കാറിന്റെ അഭ്യാസപ്രകടനം. പിന്നാലെ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരണം. ലക്ഷ്യം റീൽസ്! പക്ഷേ, പ്രതീക്ഷിക്കാത്ത പണിയായി പിന്നാലെവന്ന വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ. ഒടുവിൽ മോട്ടോർ വാഹനവകുപ്പിന്റെ വിളിയും നടപടിയും!
മൂന്നുജീവനുകൾ പൊലിഞ്ഞ വാഹനാപകടത്തിന്റെ നടുക്കം മാറുംമുൻപാണ് സിയാൽ അത്താണി എക്സ്പ്രസ് വേയിൽ വീണ്ടും കാറഭ്യാസം. ഇൻഫോപാർക്ക് ജീവനക്കാരനായ അഖിൽരാജും സംഘവുമാണ് അർധരാത്രിയിൽ റോഡിനെ അഭ്യാസവേദിയാക്കിയത്. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ആളൊഴിഞ്ഞ റോഡാണെന്ന് കണ്ടതോടെ കാർ അതിവേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചോടിച്ചു.
ഡ്രൈവിങ് അഭ്യാസം അരങ്ങേറുമ്പോൾ സംഘത്തിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ഇതുകണ്ട ചിലർ അപകടകരമായ ഡ്രൈവിങ് മൊബൈലിൽ പകർത്തി ദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പിന് കൈമാറി. വീഡിയോ പരിശോധിച്ച എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്ക് വാഹനം കണ്ടെത്തി.
തുടർന്ന് ഇൻഫോപാർക്കിലെ സോഫ്റ്റ്വേർ എൻജിനിയറായ അഖിൽ രാജിനെ വിളിച്ചുവരുത്തി. റീൽസ് ചിത്രീകരിക്കാനാണ് ഇത്തരത്തിൽ വാഹനം ഓടിച്ചതെന്ന് യുവാവ് സമ്മതിച്ചു. അപകടകരമായി വാഹനമോടിച്ചതിന് അഖിൽരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഉടനടി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
മൂന്നുപേർ മരിച്ച അതേ റോഡ്!
ദിവസങ്ങൾക്കുമുൻപ് മദ്യലഹരിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചതും ഇതേ സിയാൽ അത്താണി എക്സ്പ്രസ് വേയിലാണ്. ആ ദുരന്തത്തിന്റെ ഓർമ്മകൾ മായുംമുൻപേ അതേ റോഡിൽ വീണ്ടും അപകടകരമായ ഡ്രൈവിങ്. റീൽസ് ചിത്രീകരണത്തിന്റെ പേരിൽ റോഡിൽ അഭ്യാസം നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുകൂടിയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.
Content Highlights: InfoPark software engineer Akhil Raj caught doing car stunts for social media reels on CIAL Athani Expressway., Bystanders recorded the dangerous driving and submitted the video to the Motor Vehicles Department (MVD)., Ernakulam Enforcement RTO Biju Issac issued a show-cause notice and initiated steps to suspend the driving license., The incident occurred on the same expressway where a fatal accident recently claimed three lives.