വാഹന വിപണിയുടെ ഭാഗ്യവർഷം; റെക്കോഡുകൾ തിരുത്തിയെഴുതി വാഹന വിൽപ്പന, വഴിയൊരുക്കിയത് ജിഎസ്ടി 2.0

മുംബൈ: മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റഴിച്ചത് മൂന്നു കോടിക്കടുത്ത് വാഹനങ്ങൾ. ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കുകൾ പ്രകാരം 2025-26 സാമ്പത്തികവർഷം 2,96,71,064 വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഒരു സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിൽപ്പനയാണിതെന്നും ഫാഡ പറയുന്നു.
2024-25 സാമ്പത്തികവർഷത്തെ 2,61,87,255 എണ്ണത്തിൽനിന്ന് 13.30 ശതമാനം അധികമാണിത്. ഇത്തവണത്തെ വിൽപ്പന വെറും കണക്കു മാത്രമല്ലെന്നും രാജ്യത്തെ വാർഷിക വാഹനവിൽപ്പന മൂന്നു കോടിയിലേക്കെത്തുന്നെന്നതാണ് പ്രത്യേകതയെന്നും ഫാഡ പ്രസിഡന്റ് സി. എസ്. വിഗ്‌നേശ്വർ അഭിപ്രായപ്പെട്ടു. ഗതാഗത ആവശ്യങ്ങൾ ഉയരുന്നതും ചരക്ക്-സേവന നികുതി കുറഞ്ഞതുവഴി വില താഴ്ന്നതും വിൽപ്പന ഉയരാൻ കാരണമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വർഷത്തെയുംപോലെ ഇത്തവണയും വിൽപ്പനയിൽ മുന്നിൽ ഇരുചക്രവാഹന വിഭാഗമാണ്. 2.14 കോടി ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവർഷം നിരത്തിലെത്തിയത്. രണ്ടാമതുള്ള യാത്രാവാഹന വിഭാഗത്തിൽ 47 ലക്ഷം കാറുകൾ നിരത്തിലെത്തി. ഇരു വിഭാഗത്തിലും 13 ശതമാനത്തിലധികം വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 10.61 ലക്ഷം വാണിജ്യ വാഹനങ്ങൾ, 10.50 ലക്ഷം ട്രാക്ടറുകൾ, 13.63 ലക്ഷം മുച്ചക്ര വാഹനങ്ങൾ എന്നിങ്ങനെയും പുറത്തിറങ്ങി.
2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവുവരെ സാധാരണ നിലയിലായിരുന്ന വാഹന വിൽപ്പന സെപ്റ്റംബറിൽ ചരക്ക്-സേവന നികുതി കുറച്ചശേഷം കുതിച്ചുയരുകയായിരുന്നു. ട്രാക്ടറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വിൽപ്പന ആദ്യമായാണ് പത്തുലക്ഷം കടക്കുന്നതെന്നും ഫാഡയുടെ റിപ്പോർട്ടിൽ പറയുന്നു. 2026 മാർച്ചിൽ 26.92 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞതായും ഫാഡ വ്യക്തമാക്കി.
Content Highlights: Record-breaking 2.96 crore vehicle sales in fiscal year 2026., 13.30% year-on-year growth compared to previous fiscal performance., GST reduction identified as a primary driver for the sales surge., Two-wheeler segment leads market with 2.14 crore units sold., First-time milestone of 10 lakh+ sales for commercial vehicles and tractors.