ബ്രിട്ടനിൽനിന്നുള്ള കാറുകൾക്ക് ഇന്ത്യയിൽ വിലകുറയും; പട്ടികയിൽ ലാൻഡ് റോവർ മുതൽ റോൾസ് റോയ്‌സ് വരെ

മുംബൈ: ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പുവെയ്ക്കുമ്പോൾ ബ്രിട്ടനിൽനിന്നുള്ള പല ഉത്‌പന്നങ്ങൾക്കും ഇന്ത്യയിൽ വില കുത്തനെ കുറയും. പൂർണമായി ബ്രിട്ടനിൽ നിർമിച്ച് ഇറക്കുമതിചെയ്യുന്ന കാർ, ബ്രിട്ടീഷ് നിർമിത വിസ്കി, ചോക്ലെറ്റുകൾ, ബിസ്കറ്റുകൾ, ശീതളപാനീയങ്ങൾ, വ്യോമയാനഘടകങ്ങൾ, വൈദ്യോപകരണങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ എന്നിങ്ങനെയുള്ളവയ്ക്കാണ് ഇന്ത്യയിൽ തീരുവയിളവ് വരുക.
ബ്രിട്ടനിൽനിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള ശരാശരിത്തീരുവ നിലവിലെ 15 ശതമാനത്തിൽനിന്ന് മൂന്നുശതമാനമായാണ് ഇന്ത്യ കുറച്ചിട്ടുള്ളത്. ബ്രിട്ടനിൽനിന്നുള്ള കാറുകൾക്ക് വലിയ അളവിൽ വില കുറയുമെന്നാണ് വിലയിരുത്തൽ. ടാറ്റാ മോട്ടോഴ്‌സിന് കീഴിലുള്ള ജാഗ്വർ, ലാൻഡ് റോവർ കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നതാണ്. ഇവയുടെ ഇറക്കുമതിത്തീരുവ നിലവിലെ 100 ശതമാനത്തിൽനിന്ന് പത്തു ശതമാനമായി കുറയും.
അതേസമയം, കുറഞ്ഞതീരുവയിൽ ഇറക്കുമതിചെയ്യുന്ന കാറുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. ജാഗ്വറിനും ലാൻഡ് റോവറിനും പുറമേ, റോൾസ് റോയ്‌സ്, ആസ്റ്റൺ മാർട്ടിൻ, ബെന്റ്ലി, മിനി, ലോട്ടസ്, മക്ലാരൻ എന്നിങ്ങനെ വിവിധകമ്പനികൾക്ക് ഇന്ത്യൻവിപണിയിൽ ശക്തമായ സാന്നിധ്യമുണ്ട്. ഇവയ്ക്ക് ഏതാനുംവർഷങ്ങളായി ഇന്ത്യയിൽ ആവശ്യക്കാർ കൂടിവരുകയാണ്.
അൾട്ര ലക്ഷ്വറി വിഭാഗത്തിലുള്ള ഈ യാത്രാകാറുകൾക്ക് വലിയ അളവിൽ വില കുറയാൻ സഹായിക്കുന്നതാണ് വാണിജ്യക്കരാർ. ബ്രിട്ടീഷ് കമ്പനികൾ നിർമിക്കുന്ന വിസ്കിയുടെ തീരുവ പകുതിയായാണ് കുറച്ചിട്ടുള്ളത്. നിലവിലെ 150 ശതമാനത്തിൽനിന്ന് 75 ശതമാനമായാണ് ഉടനടി തീരുവ കുറയുക. അടുത്ത പത്തുവർഷം കൊണ്ടിത് 40 ശതമാ നംവരെയായി കുറയ്ക്കാനും വ്യവസ്ഥയുണ്ട്. ബ്രിട്ടീഷ് കമ്പനികൾക്ക് മറ്റു വിദേശ കമ്പനികളേക്കാൾ ഇന്ത്യൻ വിപണിയിൽ മുൻതൂക്കം നൽകാൻ ഇത് ഉപകരിക്കും.
ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കും ഗുണം
ബ്രിട്ടനിലേക്ക് ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിലും കരാർ ഏറെ ഗുണം ചെയ്യുന്നതാണ്. ചില ഉത്പന്നങ്ങൾക്ക് തീരുവ വെട്ടിക്കുറച്ചപ്പോൾ ചിലത് പൂർണമായി ഒഴിവാക്കി. സ്വർണം, ഡയമണ്ട് ആഭരണങ്ങൾ, തുകലുത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ തീരുവയാണ് പൂർണമായി ഒഴിവാക്കിനൽകിയത്. കേരളത്തിൽനിന്ന് കയറ്റുമതിചെയ്യുന്ന ചെമ്മീൻ, സുഗ്രന്ധദ്രവ്യങ്ങൾ, തേയില തുടങ്ങിയവയുടെ തീരുവ കുറച്ചിട്ടുണ്ട്.
ഇത് കേരളത്തിൽനിന്നുള്ള കയറ്റുമതിക്കാർക്ക് ഗുണം ചെയ്യും. തുണിത്തരങ്ങൾ, തുകൽ, രത്നക്കല്ലുകളും ആഭരണങ്ങളും, വാഹനഘടകങ്ങൾ, എൻജിനുകൾ, ഫർണിച്ചർ, കായികോത്പന്നങ്ങൾ, രാസവസ്തുക്കൾ, യന്ത്രങ്ങൾ, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ, ബസ്മതി അരി തുടങ്ങിയവയാണ് ബ്രിട്ടൻ തിരുവകുറച്ച മറ്റ് പ്രധാന ഉത്പന്നങ്ങൾ.
Content Highlights: india-uk-free-trade-agreement