ആയുസ് അവസാനിക്കുന്നു; ഇന്ത്യയിലെ ട്രക്കുകളിൽ 42 ശതമാനവും 12 വർഷം കഴിഞ്ഞതെന്ന് റിപ്പോർട്ട്

മുംബൈ: രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ട്രക്കുകളിൽ 42 ശതമാനവും 12 വർഷം കഴിഞ്ഞവയെന്ന് റിപ്പോർട്ട്. ചരക്കുഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന പകുതിക്കടുത്ത് ട്രക്കുകളുടെയും കാലാവധി പൂർത്തിയാകാറായെന്നർഥം. ഇത് ഭാവിയിൽ ഈ രംഗത്ത് വലിയ പ്രതിസന്ധിക്കു കാരണമായേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിസർച്ച് ഏജൻസിയായ എൻവിറോ കാറ്റലിസ്റ്റ്‌സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വാഹനങ്ങൾക്കുപകരം പുതിയവ നിരത്തിലെത്തിക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ട്രക്ക് വിപണിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നു.
എൻവിറോകാറ്റലിസ്റ്റ്‌സിന്റെ കണക്കനുസരിച്ച് 2003-നു ശേഷം രജിസ്റ്റർ ചെയ്ത ട്രക്കുകളിൽ 85 ശതമാനംവരെ ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ് ലാൻഡ് കമ്പനികളുടേതാണ്. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് കാലാവധി തീരാറായ ചരക്കുവാഹനങ്ങൾ കൂടുതലുമുള്ളത്.
2003 മുതൽ 45 ലക്ഷം ട്രക്കുകൾ രാജ്യത്തു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 19 ലക്ഷത്തോളമാണ് 12 വർഷം പിന്നിട്ടത്. അതായത് ഇത്രയും വാഹനങ്ങൾ അടുത്ത അഞ്ചുവർഷത്തിനകം നിരത്തിൽനിന്നു നീക്കേണ്ടി വരും. കൂടാതെ പുതിയ തുറമുഖ, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങൾ വികസിച്ചുവരുമ്പോൾ ആവശ്യം കൂടും. ഇത്രയും ആവശ്യം നിറവേറ്റുന്ന രീതിയിൽ കമ്പനികൾക്ക് ഉത്പാദനം നടത്താനാകുമോ എന്നതാണ് റിപ്പോർട്ടിൽ ആശങ്കയായി പറയുന്നത്.
Content Highlights: 42% of Indian trucks are older than 12 years, nearing the end of their operational life., Potential supply chain crisis due to the need for massive fleet replacement., High concentration of aging vehicles in states like Maharashtra, Karnataka, and Gujarat., Tata Motors and Ashok Leyland account for 85% of trucks registered since 2003., Manufacturing capacity concerns to meet future demand for new logistics vehicles.