ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ ബസ് നിരത്തിലേക്ക്; ആദ്യഓട്ടം ലേയില്‍

സര്‍വീസ് നടത്താനൊരുങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസ് | Photo: Facebook
സര്‍വീസ് നടത്താനൊരുങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസ് | Photo: Facebook

രാജ്യത്തെ ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയും പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഒടുന്ന രാജ്യത്തെ ആദ്യ ബസ് സര്‍വീസിനിറങ്ങി. പരീക്ഷണയോട്ടത്തിനായി ഇറക്കുന്ന ഈ ഹൈഡ്രജന്‍ ബസ് ജമ്മു കശ്മീരിലെ ലേയിലാണ് ആദ്യ സര്‍വീസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഈ മേഖല. 

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ദേശീയ താപോര്‍ജ കോര്‍പ്പറേഷനാണ് (എന്‍.ടി.പി.സി.) പദ്ധതി നടപ്പാക്കുന്നത്. ലേയിലെ ഇന്‍ട്രാ സിറ്റി സര്‍വീസുകള്‍ക്കായി അഞ്ച് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസുകളാണ് ലേ അഡ്മിനിസ്‌ട്രേഷന് എന്‍.ടി.പി.സി. കൈമാറിയിരിക്കുന്നത്. ബസ് നല്‍കിയതിന് പുറമെ, ഇതിനുള്ള റീഫ്യുവലിങ്ങ് സ്റ്റേഷനും 1.7 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റും ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 7.5 ഏക്കര്‍ സ്ഥലമാണ് ലേ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത്. 

രാജ്യത്തെ മുന്‍നിര കോമേഷ്യല്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡാണ് ഈ ബസുകള്‍ വികസിപ്പിച്ചിരിക്കുന്നത്. 2.5 കോടി രൂപയാണ് ഓരോ ബസുകളുടെയും വില. നിലവില്‍ ഈ മേഖലയില്‍ സര്‍വീസ് നടത്തുന്ന മറ്റ് ഒമ്പത് മീറ്റര്‍ ഡീസല്‍ ബസുകള്‍ക്ക് സമാനമായി യാത്ര നിരക്ക് ആയിരിക്കും ഈ ബസിനെന്നാണ് വിവരം. ഈ നിരക്കില്‍ നടത്തുന്ന സര്‍വീസില്‍ നഷ്ടമുണ്ടായാല്‍ അതും പരിഹരിക്കാന്‍ എന്‍.ടി.പി.സി. സന്നദ്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമുദ്രനിരപ്പില്‍നിന്ന് 11,500 അടി മുകളില്‍ ഓക്സിജന്‍ കുറവുള്ള ഒരിടത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കാനിരുന്ന സര്‍വീസ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുംമൂലം മാറ്റിവെക്കുകയായിരുന്നു. ആദ്യ സര്‍വീസ് വ്യാഴാഴ്ച ലേയില്‍ എത്തുമെന്നാണ് വിവരം. കാര്‍ബണ്‍ ന്യൂട്രല്‍ ലാഡാക്കിന്റെ ഭാഗമായി 2020-ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. 

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസുകള്‍ വാണിജ്യ സര്‍വീസുകള്‍ക്കായി ആദ്യമായാണ് നിരത്തുകളില്‍ എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ വാഹനങ്ങള്‍ ലേയില്‍ എത്തുന്നതെങ്കിലും യഥാര്‍ഥ പരീക്ഷണം ശൈത്യകാലത്തായിരിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. താപനില 20 ഡിഗ്രിയിലും കുറയുന്ന സാഹചര്യത്തിലാണ് യഥാര്‍ഥ പരീക്ഷണം നടക്കുകയെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെടുന്നത്.

Source: The Times Of India

Content Highlights: India's first hydrogen fuel cell bus starting trial run in Leh, Hydrogen fuel cell vehicle