ഉത്സവ സീസൺ അടിപൊളിയാക്കി വാഹന വിപണി; 42 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റത് 55 ലക്ഷം വാഹനങ്ങൾ

ഇന്ത്യയുടെ വാഹന വിപണിക്ക് സർവകാല റെക്കോഡ് സമ്മാനിച്ച ഉത്സവകാല വിൽപ്പന. വാഹന റീട്ടെയിൽ വിൽപ്പന മേഖലയിലാണ് വൻ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. നവരാത്രി മുതൽ ധനതേരസിന് ശേഷമുള്ള 15 ദിവസം വരെയുള്ള 42 ദിന ഉത്സവ സീസണിൽ 55,25,490 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ നേട്ടമാണിതെന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) അറിയിച്ചത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.21 ശതമാനത്തിന്റെ വളർച്ചയാണ് വാഹന വിൽപ്പനയിൽ കൈവരിച്ചിരിക്കുന്നത്. അതേസമയം, 2024-ലെ ഉത്സവകാല വിൽപ്പനയുമായി തട്ടിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 23.95 ശതമാനത്തിന്റെ കുതിപ്പാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്നാണ് ഫാഡ അറിയിച്ചിരിക്കുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വിൽപ്പനയിലാണ് വൻ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇരുചക്ര വാഹന വിൽപ്പനയിൽ 3.67 ശതമാനവും മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 5.32 ശതമാനവും വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 7.13 ശതമാനവും ട്രാക്ടറുകളുടെ വിൽപ്പനയിൽ 2.24 ശതമാനവുമാണ് കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ ഉത്സവക്കാലത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 7.16 ശതമാനത്തിന്റെ വിൽപ്പന ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇലക്ട്രിക് വാഹന വിപണിയാണ് ഇക്കഴിഞ്ഞ ഉത്സവക്കാലത്ത് ഏറ്റവും മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. 5,09,667 ഇലക്ട്രിക് വാഹനങ്ങളാണ് ഈ കാലയളവിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52.62 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 61.10 ശതമാനവും ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 72.91 ശതമാനവും ഉയർന്നു. ഇലക്ട്രിക് വാണിജ്യ വാഹന വിൽപ്പനയിൽ 154.56 ശതമാനം വളർച്ചയുണ്ടായി.
2026-ലെ ഉത്സവകാല വാഹന വിൽപ്പന ഇന്ത്യയുടെ വാഹന വിപണിയുടെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ് നൽകിയിരിക്കുന്നതെന്നാണ് ഫാഡ പ്രസിഡന്റ് സായ് ഗിരിധർ അഭിപ്രായപ്പെടുന്നത്. ജി.എസ്.ടി-2 പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള നീക്കങ്ങൾ വാഹനങ്ങളുടെ വിലയിൽ കാര്യമായ മാറ്റം വരുത്തുകയും ഉപയോക്താക്കളുടെ ആവശ്യകത വർധിപ്പിക്കുകയും ചെയ്തതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
Content Highlights: India recorded 55,25,490 vehicle sales during the 42-day 2026 festival season., Overall sales grew by 2.21 percent compared to the previous year., Electric vehicles (EVs) saw a massive surge of 52.62 percent with over 500,000 units sold., Passenger vehicle sales witnessed a slight dip of 7.16 percent.