കുതിച്ചുകയറി സെപ്റ്റംബർ, വാഹന വിൽപന റെക്കോഡിൽ, GST ഇളവിൽ കമ്പനികളും ഉപഭോക്താക്കളും ഹാപ്പി

സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ വാഹന വിൽപ്പന റെക്കോർഡിൽ. കേന്ദ്രത്തിൻ്റെ സമീപകാല നികുതിയിളവുകളോടൊപ്പം ഉത്സവ സീസണും വന്നതാണ് കാറുകൾ, സ്കൂട്ടറുകൾ, മോട്ടോർസൈക്കിളുകൾ, ത്രീവീലറുകൾ എന്നിവയുടെ വിൽപ്പനയിലെ കുതിപ്പിന് കാരണം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിൻ്റെ (SIAM) കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം 3,72,458 യാത്രാവാഹനങ്ങൾ വിറ്റഴിച്ചു.
ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം വർധനവാണ്. ഇരുചക്രവാഹന വിൽപ്പന 6.7 ശതമാനം വർധിച്ച് 21,60,889 യൂണിറ്റുകളായി. മുച്ചക്രവാഹന വിൽപ്പന 5.5 ശതമാനം ഉയർന്ന് 84,077 യൂണിറ്റുകളായി.
വാഹന നിർമാതാക്കൾ സാധാരണയായി ഫാക്ടറികളിൽനിന്ന് ഡീലർഷിപ്പുകളിലേക്കുള്ള മൊത്തവിതരണത്തിൻ്റെ കണക്കുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും, അന്തിമ ഉപഭോക്താക്കൾക്കുള്ള ചില്ലറ വിൽപ്പനയല്ലെന്നും ശ്രദ്ധിക്കേണ്ടതാണ്.
പുതിയ ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22-ന് പ്രാബല്യത്തിൽ വന്നിട്ടും മാസത്തിലെ ഒമ്പത് ദിവസങ്ങൾ മാത്രം ഉൾപ്പെട്ടിട്ടും യാത്രാവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ എന്നിവ ഇതിനകം തന്നെ എക്കാലത്തെയും ഉയർന്ന സെപ്റ്റംബർ മാസ വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിയാം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. സെപ്റ്റംബർ 22-ന് നവരാത്രിയോടെ ആരംഭിച്ച ഉത്സവ സീസൺ എല്ലാ വിഭാഗങ്ങളിലും ചില്ലറ വിൽപനയുടെ ആവശ്യം വർധിപ്പിക്കാൻ സഹായിച്ചു. ഇത് മൊത്തവ്യാപാരം വർധിപ്പിക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചു.
വാഹനങ്ങൾ വാങ്ങാനുള്ള ശേഷിയും ഉപഭോക്തൃ മനോഭാവവും മെച്ചപ്പെടുത്തിയ ജിഎസ്ടി 2.0 പരിഷ്കാരങ്ങളുടെ തുടർച്ചയായ സ്വാധീനം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മുൻകാല പലിശനിരക്ക് ക്രമീകരണ നടപടികൾ, ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവ് എന്നിവ വരും മാസങ്ങളിലും വാഹന വിഭാഗങ്ങളിലുടനീളം വാങ്ങാനുള്ള താൽപ്പര്യം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, ചന്ദ്ര കൂട്ടിച്ചേർത്തു,
കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ വാഹന നിർമാതാക്കൾക്ക് ബുക്കിങ്ങിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. സെപ്റ്റംബറിലെ ആദ്യത്തെ മൂന്നാഴ്ചകളിൽ വിതരണം നിർത്തിവെക്കുകയും പിന്നീട് ഗതാഗതപരമായ വെല്ലുവിളികളാൽ പരിമിതപ്പെടുത്തുകയും ചെയ്തതിനാൽ ഈ ആവശ്യകതയിൽ കുറച്ചെണ്ണം ഇനിയും നിറവേറ്റാനുണ്ട്.
കൂടാതെ, ജിഎസ്ടി 2.0, വാങ്ങാനുള്ള ശേഷി മെച്ചപ്പെട്ട പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിച്ചു. ഇത് വാഹന ഉടമസ്ഥത ഒരു പ്രായോഗികമായ തിരഞ്ഞെടുപ്പാക്കി മാറ്റി. ഈ മുന്നേറ്റം തുടരുമെന്ന് ഞങ്ങൾ ശുഭാപ്തിവിശ്വാസത്തിലാണ്. നഗര വിപണികൾ സ്ഥിരത നിലനിർത്തിയപ്പോൾ, ഗ്രാമീണ മേഖലകൾ അടുത്തിടെ ശക്തമായ വളർച്ച കാണിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ പാദത്തിൽ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ കുറഞ്ഞ ആവശ്യം യാത്രാവാഹന വിൽപ്പനയിൽ നേരിയ കുറവുണ്ടാക്കാൻ കാരണമായി. രണ്ടാം പാദത്തിൽ യാത്രാവാഹനങ്ങളുടെ വിൽപ്പന 1.5 ശതമാനം കുറഞ്ഞ് 10,39,200 യൂണിറ്റായി.
അതേസമയം ഇരുചക്രവാഹന വിൽപ്പന 7.4 ശതമാനം ഉയർന്ന് 55,62,077 യൂണിറ്റായും വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 8.3 ശതമാനം വർധിച്ച് 2,39,781 യൂണിറ്റായും മാറി. മുച്ചക്രവാഹന വിൽപ്പന വർഷം തോറും 9.8 ശതമാനം വർധിച്ച് 2,29,239 യൂണിറ്റുകളിലെത്തി. ഇത് രണ്ടാം പാദത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് സിയാം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു.
ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾക്ക് വിദേശത്ത് വർധിച്ചുവരുന്ന സ്വീകാര്യത പ്രതിഫലിപ്പിച്ചുകൊണ്ട്, എല്ലാ വിഭാഗങ്ങളിലും കയറ്റുമതിയിൽ ശക്തമായ പ്രകടനം തുടർന്നു. സാമ്പത്തിക വർഷം 2026-ൻ്റെ രണ്ടാം പാദത്തിൽ, യാത്രാവാഹന കയറ്റുമതി 23.1 ശതമാനം വർധിച്ചു. ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുടെ കയറ്റുമതി യഥാക്രമം 25 ശതമാനം, 50.7ശതമാനം, 22.2 ശതമാനം എന്നിങ്ങനെ വർധിച്ചു.
Content Highlights: India`s auto sales surged to record levels in September, driven by festive demand, tax cuts, and improved affordability. Explore growth in cars, two-wheelers, and three-wheelers.