ഒക്ടോബറിൽ കൊമ്പുകുലുക്കാൻ SUV-കൾ; വരവിനൊരുങ്ങി പുതിയ ഥാറും ബൊലേറോയും, ഒപ്പം പെർഫോമെൻസ് സെഡാനും

മഹീന്ദ്ര ഥാര്‍ | Photo: Mahindra
മഹീന്ദ്ര ഥാര്‍ | Photo: Mahindra

2025 ഒക്ടോബർ ഇന്ത്യൻ വാഹന വിപണിക്ക് തിരക്കേറിയ മാസമായിരിക്കും. ഫെയ്സ് ലിഫ്റ്റുകൾ ഉൾപ്പടെ ഒട്ടേറെ മോഡലുകളാണ് വിപണിയിൽ  ഒരുങ്ങുന്നത്. ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്, പുതുക്കിയ ഥാർ, പുതിയ ബൊലേറോ നിയോ എന്നിവയായിരിക്കും പ്രധാന മോഡലുകൾ.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മോഡലുകൾക്ക് പുറമെ, പെർഫോമെൻസ് സെഡാൻ സ്കോഡ ഒക്ടാവിയ ആർഎസ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്.

.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്

ബൊലേറോയുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ചില കോസ്മെറ്റിക് മാറ്റങ്ങളും ഇതിലുണ്ടാകുമെന്ന് തെളിയിക്കുന്ന ചില സ്പൈ ഷോട്ടുകളിൽ നേരത്തേ പുറത്തുവന്നിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, മുൻഭാഗത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം മെക്കാനിക്കൽ ഭാഗങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല. നാല് സ്ലാറ്റുകളുള്ള പുതിയ ഡിസൈനിലുള്ള ഗ്രിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ക്യാബിനിൽ പുതുക്കിയ അപ്ഹോൾസ്റ്ററിയും പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ് വീലും ഉണ്ടാകും. കൂടുതൽ സൗകര്യത്തിനായി മീഡിയ കൺട്രോളുകൾ സ്റ്റിയറിങ് വീലിൽ ഉൾപ്പെടുത്തിയേക്കും.

പുതിയ ഥാർ 3-ഡോർ

മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് (3-ഡോർ പതിപ്പ്) ഒക്ടോബറിലെ മറ്റൊരു പ്രധാന ലോഞ്ചാണ്. പുതിയ ഗ്രിൽ, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, പുതിയ അലോയ് വീലുകൾ എന്നിവ സമീപകാല സ്പൈ ഷോട്ടുകളിൽ കണ്ടിരുന്നു.

10.25 ഇഞ്ചിന്റെ വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, മുൻപുണ്ടായിരുന്ന ഹൈഡ്രോളിക് ടൈപ്പിന് പകരം ത്രീ-സ്പോക്ക് പവർ സ്റ്റിയറിങ്, വയർലെസ് ചാർജർ എന്നിവ ഉൾവശത്തെ സൗകര്യങ്ങളിൽ ഉൾപ്പെടാം. എൻജിനിലും ട്രാൻസ്മിഷനിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.

.

പുതുക്കിയ ബൊലേറോ നിയോ

പുതിയ ബൊലേറോയ്‌ക്കൊപ്പം ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റും പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ലോവർ ബമ്പർ, പുതുക്കിയ എൽഇഡി ലൈറ്റിങ് എന്നിവ മുൻഭാഗത്ത് പ്രതീക്ഷിക്കുന്നു.

റൂഫ് സ്പോയിലർ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ, റാപ്പ് എറൗണ്ട് ടെയിൽലാമ്പുകൾ തുടങ്ങിയ മറ്റ് പുറമെയുള്ള ഘടകങ്ങൾ അതേപടി നിലനിർത്താനാണ് സാധ്യത. ലിസ്റ്റിലെ മറ്റ് മഹീന്ദ്ര മോഡലുകളെപ്പോലെ ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റും അതേ മെക്കാനിക്കൽ സംവിധാനത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

സ്കോഡ ഒക്ടാവിയ ആർഎസിന്റെ തിരിച്ചുവരവ്

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ഒക്ടാവിയ ആർഎസ് അടുത്ത മാസം ഇന്ത്യയിലേക്ക് തിരിച്ചുവരുകയാണ്. ഈ ആർഎസ് വേരിയന്റ്, സാധാരണ ഒക്ടാവിയയെക്കാൾ മികച്ച പെർഫോമൻസും സ്റ്റൈലിങ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യും.

ഈ പ്രീമിയം സെഡാന്റെ 100 യൂണിറ്റുകൾ മാത്രമാണ് സ്കോഡ പൂർണമായും നിർമിച്ച യൂണിറ്റുകളായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഒക്ടോബർ ആറിന് ബുക്കിങ് ആരംഭിക്കും. വില ഒക്ടോബർ 17-ന് പ്രഖ്യാപിക്കും.

Content Highlights: October 2025 is packed for India`s auto market! Discover refreshed Bolero, Thar, Bolero Neo, returning Skoda Octavia RS, and Nissan`s new C-segment SUV. Stay updated!