10% ജൈവ ഇന്ധനം കലർന്ന ബയോ ഡീസൽ ഉടനെത്തുമെന്ന് ഗഡ്കരി; വലിയ മാറ്റം, എന്നാൽ പ്രതിസന്ധികളേറെ

നിതിന്‍ ഗഡ്കരി| Photo: ANI
നിതിന്‍ ഗഡ്കരി| Photo: ANI

രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ, പ്രത്യേകിച്ച് ബയോഡീസലിന്റെ ഉപയോഗം വർധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരമ്പരാഗത ഡീസലിൽനിന്ന് മാറാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ 10 ശതമാനം ബയോഡീസൽ മിശ്രിതം ഉടൻ അവതരിപ്പിക്കുമെന്നും ഗഡ്കരി സ്ഥിരീകരിച്ചു. 

ലോക ജൈവ ഇന്ധന ദിനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പുണെയിൽ നടന്ന പ്രജ് ബയോവേഴ്‌സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായി മാറിയ ഇന്ത്യയുടെ വളരുന്ന വാഹന വ്യവസായത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

വാഹന വ്യവസായം നികുതിയിനത്തിൽ വലിയ സംഭാവന നൽകുകയും 4.5 കോടിയിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുണ്ടെങ്കിലും, വായു മലിനീകരണത്തിന്റെ ഏകദേശം 40 ശതമാനത്തിനും ഇത് കാരണമാകുന്നു എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനൊരു പ്രതിവിധി എന്ന നിലയിലാണ് ബയോഡീസലിലേക്കുള്ള മാറ്റം. ഇതോടൊപ്പം ഡീസലിന് പകരമായി ഐസോബ്യൂട്ടനോൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്.

നിലവിലെ ജൈവ ഇന്ധന പദ്ധതിയുടെ ഒരു വിജയമായി കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞുവെന്ന കാര്യവും ഗഡ്കരി ചൂണ്ടിക്കാട്ടി. കർഷകർ ജൈവ ഇന്ധന ഉത്പാദനത്തിനായി വൈക്കോൽ പോലുള്ള കാർഷികാവശിഷ്ടങ്ങൾ കൂടുതലായി നൽകുന്നത് വായു മലിനീകരണം കുറയ്ക്കുകയും ഗ്രാമീണ മേഖലകളിൽ പുതിയ വരുമാന മാർ​ഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ബയോഡീസൽ ഉപയോഗത്തിലെ പുരോഗതിയും തടസ്സങ്ങളും 

ജൈവ ഇന്ധനങ്ങളെക്കുറിച്ചുള്ള ദേശീയ നയം (2018), 2030-ഓടെ ഡീസലിൽ അഞ്ച് ശതമാനം ബയോഡീസൽ കലർത്താൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ നിലവിൽ ഇത് വളരെ മന്ദ​ഗതിയിലാണ്. 2025 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 0.6 ശതമാനമാണെന്നാണ് റിപ്പോർട്ട്. 10 ശതമാനം ബയോഡീസൽ മിശ്രിതത്തെക്കുറിച്ചുള്ള ഗഡ്കരിയുടെ പ്രസ്താവന ഈ ലക്ഷ്യം വേഗത്തിലാക്കാനുള്ള ചുവടുവെപ്പായി കാണാമെങ്കിലും, ഇതിന്റെ നടപ്പാക്കൽ പലയിടത്തും പല രീതിയിലാണ്.

വ്യവസായ രംഗത്തെ കണക്കുകൾ പ്രകാരം, അഞ്ച് ശതമാനം കലർത്തൽ ലക്ഷ്യം കൈവരിക്കുന്നതിന് മാത്രം ഏകദേശം 2,500 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ, അപര്യാപ്തമായ പ്രോത്സാഹനങ്ങൾ, ബയോഡീസലിന്റെ പ്രധാന അസംസ്കൃത വസ്തുവായ ഉപയോഗിച്ച പാചക എണ്ണയുടെ ശേഖരണത്തിലെ കുറവ് എന്നിവയാണ് വലിയ തടസ്സങ്ങൾ. സംയോജിത ഭക്ഷ്യ എണ്ണ സംസ്കരണ ശേഷിയുള്ള കമ്പനികൾക്ക് ബയോഡീസൽ ഉത്പാദനം വർധിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ ഈ മേഖലയിൽ വ്യാപകമായ പങ്കാളിത്തം ഇപ്പോഴും കുറവാണ്.

പെട്രോളിൽ എഥനോൾ കലർത്തുന്നതിന് നയപരമായ വലിയ പിന്തുണയും നിക്ഷേപവും ലഭിച്ചിട്ടുണ്ടെങ്കിലും ബയോഡീസൽ ഇപ്പോഴും പിന്നിലാണ്. കേന്ദ്രം സാമ്പത്തികമായി ഉൾപ്പെടെ പ്രോത്സാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോ​ഗതി കൈവരിക്കാനായില്ല. എണ്ണ വിപണന കമ്പനികളുടെ പ്രതിബദ്ധതയും സംസ്ഥാന തലത്തിലുള്ള പിന്തുണയുമില്ലാതെ ഉയർന്ന ബയോഡീസൽ നിരക്ക് കൈവരിക്കാനാകില്ല.

ജൈവ ഇന്ധനങ്ങളും ഗ്രാമീണ അഭിവൃദ്ധിയും

ഗഡ്കരിയെ സംബന്ധിച്ചിടത്തോളം, ജൈവ ഇന്ധന പദ്ധതി കേവലം പാരിസ്ഥിതികം മാത്രമല്ല. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു സാമ്പത്തിക തന്ത്രമായാണ് അദ്ദേഹം ഇതിനെ ആവർത്തിച്ച് അവതരിപ്പിക്കുന്നത്. ചോളത്തിൽനിന്നുള്ള എഥനോൾ ഉത്പാദനം ഒരു വിജയകരമായ മാതൃകയായി അദ്ദേഹം ഉദ്ധരിച്ചു. കാർഷിക ആവശ്യകതയിലെ മാറ്റം ചോളത്തിന്റെ വില ക്വിന്റലിന് 1,200 രൂപയിൽനിന്ന് 2,600 രൂപയായി ഇരട്ടിയാക്കാൻ കാരണമായി.

നിലവിൽ 12 മുതൽ 14 ശതമാനം വരെ മാത്രമുള്ള കാർഷിക ജിഡിപി, വ്യാവസായിക മേഖലയുടെ സംഭാവനയ്ക്ക് തുല്യമാക്കാൻ കഴിഞ്ഞാൽ, അത് ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി ബിൽ (നിലവിൽ 85 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്നു) കുറയ്ക്കുക മാത്രമല്ല, കർഷക സമൂഹങ്ങളിലേക്ക് സമ്പത്ത് എത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വാദിക്കുന്നു.

ഈ സമീപനത്തിന്റെ മറ്റൊരു ഉദാഹരണം ദേശീയപാത നിർ‌മാണത്തിൽ നഗരങ്ങളിലെ മാലിന്യത്തിന്റെ ഉപയോഗമാണ്. നഗരങ്ങളിലെ മാലിന്യം റോഡുകൾ നിർമിക്കാൻ ഉപയോഗിക്കുന്നതിലൂടെ, നഗര മാലിന്യ സംസ്കരണത്തിനും നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിനും പരിഹാരം കാണാൻ സാധിക്കുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കുന്നു.

ഡീസലിന് പകരമുള്ളവയുടെ യാഥാർഥ്യം

ശുഭാപ്തിവിശ്വാസം നിലനിൽക്കുമ്പോഴും സാങ്കേതികവും പ്രവർത്തനപരവുമായ വെല്ലുവിളികൾ ഏറെയുണ്ട്. എഥനോളിന് പെട്രോളിനേക്കാൾ ഊർജ സാന്ദ്രത കുറവായതിനാൽ, കലർത്തിയ ഇന്ധനങ്ങളിൽ ഒരു ലിറ്ററിന് ലഭിക്കുന്ന മൈലേജ് കുറവായിരിക്കും. സമാനമായ പ്രശ്നങ്ങൾ ബയോഡീസലിനുമുണ്ട്. എൻജിന്റെ പ്രകടനത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് ശ്രദ്ധാപൂർവം കലർത്തേണ്ടതുണ്ട്. ഇതിനായി ഇന്ധന മിശ്രിതങ്ങളുടെ കൃത്യമായ ക്രമീകരണവും വാഹന നിർമാതാക്കളുമായി വ്യക്തമായ ആശയവിനിമയവും ആവശ്യമാണ്.

കഴിഞ്ഞ പത്തുവർഷകാലം ഡീസൽ ആവശ്യകത സ്ഥിരമായി വർധിച്ചിട്ടുണ്ട്. 2024-ൽ മാത്രം 4.3 ശതമാനം വാർഷിക വർധനവുണ്ടായി. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡീസൽ ഉപഭോഗം 104 ദശലക്ഷം ടണ്ണിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യമായ ഇന്ധന വൈവിധ്യവൽക്കരണമില്ലെങ്കിൽ, ഈ വളർച്ച കാലാവസ്ഥാ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കുകയും ചെയ്യും. നയരൂപകർത്താക്കൾ, കർഷകർ, ഇന്ധന കമ്പനികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള തുടർച്ചയായ ഏകോപനത്തെ ആശ്രയിച്ചിരിക്കും ബയോഡീസൽ പദ്ധതിയുടെ വിജയം. 

Content Highlights: India will soon introduce a 10% biodiesel blend to reduce pollution and boost the rural economy