ബൈക്ക് ടാക്‌സിയിലെ യാത്ര: ജാഗ്രത വേണമെന്ന് MVD, പരാതികൾ അറിയിക്കണം

#അനില്‍ മുകുന്നേരി
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

കൊല്ലം: പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച്, സ്വകാര്യവാഹനങ്ങൾ ബൈക്ക് ടാക്‌സികളായി ഓടുന്നത് മോട്ടോർവാഹന വകുപ്പിന് തലവേദനയാകുന്നു. ടാക്‌സി പെർമിറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ പരിശോധന കടുപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ.

നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാൻ അടുത്തിടെയായി ധാരാളം പേർ ബൈക്ക് ടാക്‌സികളെ ആശ്രയിക്കുന്നുണ്ട്. കുറഞ്ഞ യാത്രച്ചെലവും റൈഡർ ആപ്പുകളുപയോഗിച്ച് എളുപ്പം ബുക്കുചെയ്യാമെന്നതുമാണ് നേട്ടം. മഞ്ഞ നമ്പർ പ്ലേറ്റും ടാക്‌സി പെർമിറ്റുമുള്ള വാഹനങ്ങൾക്കു മാത്രമാണ് ബൈക്ക് ടാക്‌സിയായി ഓടാൻ അനുവാദമുള്ളത്. ബുക്ക് ചെയ്യുന്ന യാത്രക്കാരുടെ എണ്ണമേറുകയും ആപ്പുകളിൽ രജിസ്റ്റർചെയ്ത ബൈക്ക് ടാക്‌സികളുടെ എണ്ണം കുറയുകയും ചെയ്തതോടെ വ്യാജന്മാർ ധാരാളമായി രംഗത്തെത്തി.

ബുക്കുചെയ്യുമ്പോൾ പറയുന്ന നമ്പരുള്ള വാഹനമായിരിക്കില്ല മിക്കപ്പോഴും യാത്രക്കാരുടെ മുന്നിലെത്തുക. ഇത്തരത്തിലുള്ള ഇരുചക്രവാഹനങ്ങൾ അടുത്തിടെ കാക്കനാട്ടുനിന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മറ്റു നഗരങ്ങളിൽ നിയമം ലംഘിച്ചവരെ കണ്ടെത്തി മുന്നറിയിപ്പും നൽകി. നിർദേശങ്ങൾ അവഗണിച്ച് അനധികൃതമായി സർവീസ് നടത്തിയ വാഹനങ്ങളിൽനിന്ന് മൂവായിരം രൂപ വരെ പിഴയും ഈടാക്കി.

റൈഡർ ആപ്പുകളുപയോഗിച്ച് യാത്രചെയ്യുമ്പോൾ ജാഗ്രതപുലർത്തണമെന്ന് മോട്ടോർവാഹന വകുപ്പ് മുന്നറിയിപ്പു നൽകുന്നു. സ്വകാര്യവാഹനങ്ങളിൽ വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിലും അക്കങ്ങളിലുമാകും നമ്പർ എഴുതുക. ആപ്പ് ഉപയോഗിച്ച് സ്വകാര്യ മോട്ടോർ സൈക്കിളുകളിൽ യാത്രചെയ്യുന്നത് സുരക്ഷയ്ക്കു ഭീഷണിയാകും. കോൺട്രാക്ട് കാരേജാണ് യാത്രയ്ക്കു തിരഞ്ഞെടുത്തതെന്ന് ഉറപ്പാക്കണം. പരാതികൾ മോട്ടോർവാഹന വകുപ്പ് അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ബൈക്ക് ടാക്‌സികൾക്കൊപ്പം, യാത്രക്കാരന് വാടക നൽകി ഓടിക്കാവുന്ന ബൈക്കുകളും സ്‌കൂട്ടറുകളും നഗരങ്ങളിൽ എത്തിത്തുടങ്ങി. യുവാക്കൾക്കും സംരംഭകർക്കും ഇത് പുതിയ തൊഴിലവസരമാകുകയാണ്. സ്വകാര്യവാഹനങ്ങൾ കൂടിയതോടെ ഓട്ടം കുറഞ്ഞ ഓട്ടോ-ടാക്‌സി തൊഴിലാളികൾ, ബൈക്ക് ടാക്‌സികളുടെ വരവിനെ ആശങ്കയോടെയാണ് കാണുന്നത്.

Content Highlights: Rise in unauthorized private vehicles operating as bike taxis, MVD enforces strict fines up to 3000 rupees for permit violations, Safety risks associated with non-commercial bike taxis, Importance of verifying yellow number plates for legal transport, Impact of bike taxi services on traditional auto-taxi sectors