റെബൽ 300ഉം ADV 160യും ഇന്ത്യയിലേക്ക്; ഒപ്പം 500 സി.സിയിൽ ഹോണ്ടയുടെ 2 കരുത്തന്മാരും എത്തും

എ.ഡി.വി 160, റെബൽ 300| photo:Honda
എ.ഡി.വി 160, റെബൽ 300| photo:Honda

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ബോബർ/ക്രൂയിസർ സ്റ്റൈൽ ബൈക്കായ റെബൽ 300ഉം മാക്സി സ്റ്റൈൽ സ്പോർട്ടി സ്കൂട്ടറായ എ.ഡി.വി 160-യും ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. 2025-ലോ അല്ലെങ്കിൽ 2026-ലോ ആകും റെബൽ 300 അവതരിപ്പിക്കുക. 2026-ൽ ആയിരിക്കും എ.ഡി.വി 160 എത്തുക. 

റെബൽ 300

ദീർഘ​ദൂര യാത്രകൾക്ക് സൗകര്യപ്രദമായ രീതിയിലാണ് റെബൽ രൂപകൽപന ചെയ്തിരിക്കുന്നത്. 690 എം.എം. ആണ് സീറ്റ് ഹൈറ്റ്. ഭാരമാകട്ടെ 170 കിലോ​ഗ്രാമും. CB300R-ൽ ഉള്ള അതേ 286 സി.സി. സിം​ഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ തന്നൊയാണ് റെബലിനും കരുത്തേകുന്നത്.

വിലയിൽ CB300R-ന് താഴെയായിരിക്കും റെബലിന്റെ സ്ഥാനം.  ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചതോടെ CB300R-ന്റെ വിലയിൽ വലിയ കുറവ് സംഭവിച്ചിരുന്നു. നിലവിൽ 2.4 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 

എ.ഡി.വി 160

150 സി.സി. മുതൽ 850 സിസി വരെ എൻജിനുള്ള വലിയ സ്‌കൂട്ടറുകളെയാണ് പൊതുവെ മാക്‌സി സ്‌കൂട്ടറുകളെന്ന് വിളിക്കാറ്. സാധാരണ സ്‌കൂട്ടറുകളെക്കാളും ഇവയ്ക്ക് വലിയ ഫ്രെയിമും വലിയ വീൽബേസും ഉണ്ടാവും. സ്പോർട്ടിയും മികച്ച പെർഫോമൻസുമുള്ള ഇത്തരം സ്കൂട്ടറുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ കൂടുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് എ.ഡി.വി 160-യുമായി ഹോണ്ട എത്തുന്നത്. 

16 എച്ച്.പി കരുത്തും 14.7 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 157 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഹൃദയം. മുന്നിൽ 14 ഇഞ്ചിന്റെയും  പിന്നിൽ 13 ഇഞ്ചിന്റെയും വലിയ വീലുകളാണ് ഉള്ളത്. 8.1 ലിറ്ററിന്റേതാണ് ഇന്ധനടാങ്ക്. എയ്റോക്സ് 155-നേയും സൂം 160യേയും അപേക്ഷിച്ച് ഇത് വലുതാണ്. അതേസമയം, ഈ വാഹനത്തിന്റെ വില താരതമ്യേന ഉയർന്നതായിരിക്കാനാണ് സാധ്യത. 

യെമഹ ഏറോക്സ് 155യാണ് ഈ കൂട്ടത്തിൽ ഇന്ത്യയിലെ കേമൻ. ഈയിടെ സൂം 160 എന്ന മോഡലുമായി സെ​ഗ്മന്റിലേക്ക് ഹീറോയും പ്രവേശിച്ചിരുന്നു. ഇന്ത്യയിലെ സ്കൂട്ടർ വിൽപയുടെ വലിയൊരു പങ്കും കൈവശം വെച്ചിരിക്കുന്ന കമ്പനിയാണ് ഹോണ്ട. എഡിവി 160 കൂടി എത്തുന്നതോടെ പെർഫോമെൻസ് സ്കൂട്ടർ സെ​ഗ്മന്റിലും മത്സരം കടുക്കുമെന്ന് തീർച്ച.  

500 സി.സി.യിൽ രണ്ട് കരുത്തന്മാർകൂടി

ഇവയ്ക്കു പുറമേ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിൽ 500 സിസിയിൽ രണ്ട് പുതിയ ബൈക്കുകളും ഹോണ്ട എത്തിക്കുമെന്ന് റിപ്പോർട്ടുണ്ട്. എം.എൽ.എച്ച്.ജെ, എം.എൽ.ഡബ്ല്യൂ.എ എന്നീ കോഡ് നാമങ്ങളാണ് ഇവയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്. എൻ.എക്സ് 500-ൽ ഉപയോ​ഗിച്ചിരിക്കുന്ന അതേ 471 സി.സി. പാരലൽ ട്വിൻ എൻജിൻ തന്നെയാകും അണിയറയിൽ ഒരുങ്ങുന്ന 500 സി.സി. ബൈക്കുകൾക്കും കരുത്തേകുക. റോയൽ എൻഫീൽഡിന്റെ 650 സി.സി. ബൈക്കുകളോടാകും ഇവ ഏറ്റുമുട്ടുക.

എൻ.എക്സ് 500

ബി​ഗ് വിങ് എന്ന ഹോണ്ടയുടെ പ്രീമിയം ഡീലർ‌ഷിപ്പിലൂടെയാകും വരാനിരിക്കുന്ന ഈ മോഡലുകളെല്ലാം  വിൽപനയ്ക്കെത്തുക. ഹോർണറ്റ് 2.0, CB 200X,  CB 300F, CB 300R, CB350,  CB350 ഹൈനസ്, CB 350 ആർ.എസ്, NX500, CB 650R, CBR 650R, ട്രാൻസ്ലാപ്, ​ഗോൾഡ് വിങ് എന്നിവയാണ് ബി​ഗ് വിങിലൂടെ നിലവിൽ വിപണിയിലേക്കെത്തുന്ന മറ്റു വാഹനങ്ങൾ.

Content Highlights: Honda Rebel 300 And ADV 160 Scooter India Launch